പാലിയേക്കരയില്‍ ടോള്‍ നിരക്കു കൂട്ടുന്നു; 10 മുതല്‍ 65 രൂപ വരെ വര്‍ദ്ധിക്കും

പാലിയേക്കരയില്‍ സെപ്റ്റംബര്‍ ഒന്നുമുതല്‍ ടോള്‍ നിരക്കു കൂടും. ഒരു വശത്തേക്കുള്ള യാത്രയ്ക്കു വിവിധ വിഭാഗങ്ങളിലെ വാഹനങ്ങള്‍ക്കു 10 മുതല്‍ 65 രൂപ വരെ വര്‍ധിക്കും. ദേശീയ മൊത്തവില നിലവാര സൂചികയുടെ അടിസ്ഥാനത്തില്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ എല്ലാ വര്‍ഷവും സെപ്റ്റംബര്‍ ഒന്നിനാണു ടോള്‍ നിരക്ക് പരിഷ്‌കരിക്കുന്നത്.

പുതിയ നിരക്ക് അനുസരിച്ച് കാറുകള്‍ക്ക് ഒരു ഭാഗത്തേക്ക് 80 രൂപയായിരുന്നത് 90 ആകും. ദിവസം ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് 120 രൂപയായിരുന്നത് 135 ആകും.

ചെറുകിട വാണിജ്യ വാഹനങ്ങളുടെ നിരക്ക് 140 ല്‍നിന്ന് 160 ആയും, ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് 205 രൂപയുണ്ടായിരുന്നത് 235 രൂപയായും കൂടും.

മറ്റു നിരക്കുകള്‍: (ബ്രാക്കറ്റില്‍ നിലവിലുള്ള നിരക്ക്) ബസ്, ലോറി 315 (275), ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് 475 (415), മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍: ഒരു ഭാഗത്തേക്ക് 510 (445 ), ഒന്നിലേറെ യാത്രകള്‍ക്ക് 765 (665).