രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനം നടന്നു കൊണ്ടിരിക്കുന്നതിനിടയില്‍ എഐസിസി മുന്‍ വക്താവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കിയിരിക്കുകയാണ്. പുല്‍വാമ അക്രമത്തില്‍ കോണ്‍ഗ്രസിന്റെ പ്രതികരണം സങ്കടപ്പെടുത്തിയെന്നാണ് ബിജെപിയെ പലതവണ കുറ്റപ്പെടുത്തുകയും വിമര്‍ശിക്കുകയും ചെയ്തിരുന്ന ടോം വടക്കന്‍ അതേ പാര്‍ട്ടിയില്‍ ചേര്‍ന്നു കൊണ്ട് കാരണം പറഞ്ഞത്.
കേരളത്തിലെ നേതാക്കളുമായി നല്ല ബന്ധം സൂക്ഷിക്കാതിരുന്ന ടോം വടക്കന്‍ പലതവണ ഹൈക്കമാന്‍ഡ് വഴി കേരളത്തില്‍ സ്ഥാനര്‍ത്ഥിത്വത്തിന് ശ്രമിച്ചെങ്കിലും കേരള നേതാക്കള്‍ അയഞ്ഞിരുന്നില്ല. മാത്രവുമല്ല അദ്ദേഹത്തിന്റെ നീക്കം തടയുകയും ചെയ്തിരുന്നു.
2009 ല്‍ ഇതേ നീക്കം നടത്തി തൃശൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. ഇതിനിടയില്‍ വന്ന കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളുടെ ദേശീയ സമ്മേളനത്തില്‍ ഉടുമ്പന്‍ചോലയില്‍ കഴിഞ്ഞ തവണ എം.എം മണിക്കെതിരെ മത്സരിച്ച സേനാപതി വേണു നടത്തിയ പ്രസംഗമാണ് അന്ന് വടക്കന് തിരിച്ചടിയായത്. “എ.ഐ.സി.സിയിലെ തൂപ്പുകാര്‍ക്കും ചായ കൊണ്ടു വരുന്നവര്‍ക്കും സീറ്റ് നല്‍കാനാവില്ല” സോണിയ ഗാന്ധി മുതലുള്ള കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ അണിനിരന്ന വേദിയില്‍ വെച്ച് ബ്ലോക്ക് പ്രസിഡന്റായിരുന്ന സേനാപതി വടക്കനെ ഉന്നം വെച്ച് തുറന്നടിച്ചു.
സോണിയ ഗാന്ധിയെ ചുറ്റിപ്പറ്റി അവരെ പുകഴ്ത്തിയും മറ്റും സീറ്റ് തരപ്പെടുത്തിയെടുക്കുന്ന ട്രെന്‍ഡായിരുന്നു കോണ്‍ഗ്രസില്‍ ആ സമയത്തുണ്ടായിരുന്നത്. ഉടുമ്പഞ്ചോല ബ്ലോക്ക് പ്രസിഡന്റായിരുന്ന സേനാപതി വേണുവിന്റെ പ്രസംഗം പിന്നീട് ടോം വടക്കന്റെ സ്ഥാനാര്‍ത്ഥിത്വം തെറിക്കുന്നതിനുള്ള കാരണങ്ങളിലൊന്നായി.
ഇതോടെ, കേരളത്തിലെ നേതാക്കളോട് കൂടുതല്‍ അകല്‍ച്ചയിലായ വടക്കന്‍ ഒടുവില്‍ ബിജെപി പാളയത്തിലാണ് സീറ്റ് മോഹവുമായി എത്തിയിരിക്കുന്നത്. തൃശൂരില്‍ തന്നെ മത്സരിക്കാനാണ് അദ്ദേഹത്തിന്റെ നീക്കം. എന്നാല്‍, ബിജെപിയില്‍ തന്നെ സീറ്റിനായി മുട്ടന്‍ തര്‍ക്കം നടക്കുമ്പോള്‍ ടോം വടക്കന്റെ സ്ഥാനാര്‍ത്ഥിമോഹം എത്രത്തോളം ഫലം കാണുമെന്നാണ് ഇനി കാണാനുള്ളത്.