വെളുത്തുള്ളിയില്‍ തൊട്ടാല്‍ കണ്ണ് നിറയും. സംസ്ഥാനത്ത് സര്‍വകാല റെക്കോര്‍ഡിലേക്കെത്തി വെളുത്തുള്ളി വില. നിലവില്‍ കേരളത്തില്‍ 260 മുതല്‍ 300 രൂപ വരെയാണ് വെളുത്തുള്ളിയുടെ വില. മൊത്ത വ്യാപാരത്തിന് 230 മുതല്‍ 260 രൂപ വരെയും വില ഈടാക്കുന്നുണ്ട്. അയല്‍ സംസ്ഥാനങ്ങളിലെ കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്നാണ് വില വര്‍ദ്ധനവ്.
ഒരു മാസത്തിലേറെയായി സംസ്ഥാനത്ത് വെളുത്തുള്ളിയുടെ വില വര്‍ദ്ധിക്കുന്നുണ്ട്. കിലോയ്ക്ക് 130 രൂപ ആയിരുന്നതില്‍ നിന്നാണ് ഇപ്പോള്‍ ഇരട്ടിയിലേറെ വിലയിലേക്കെത്തിയത്. വെളുത്തുള്ളി കൃഷിയുള്ള സംസ്ഥാനങ്ങളില്‍ കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് കൃഷി നശിച്ചതും വിളവെടുപ്പ് വൈകുന്നതുമാണ് വില വര്‍ദ്ധനവിന് കാരണം.
കേരളത്തില്‍ പ്രധാനമായും വെളുത്തുള്ളിയെത്തുന്നത് മഹാരാഷ്ട്രയില്‍ നിന്നാണ്. എന്നാല്‍ കാലാവസ്ഥ വ്യതിയാനം മൂലം മഹാരാഷ്ട്രയില്‍ ഉത്പാദനം കുറഞ്ഞതാണ് വില വര്‍ദ്ധനവിന് പ്രധാന കാരണമെന്ന് മൊത്ത വ്യാപാരികള്‍ പറയുന്നു. ഇതോടെ സംസ്ഥാനത്തെ ഹോട്ടല്‍ മേഖലയിലും വെളുത്തുള്ളി സൃഷ്ടിക്കുന്ന പ്രതിസന്ധി ചെറുതല്ല.