ഉള്ളിയില്‍ തൊട്ടാല്‍ പൊള്ളും; കനത്ത മഴയില്‍ കുതിച്ചുയര്‍ന്ന് ഉള്ളിവില

വിവിധ സംസ്ഥാനങ്ങളില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് ഉള്ളിവില കുതിച്ചുയരുന്നു. മഹാരാഷ്ട്ര, കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയാണ് ഉള്ളി വില വര്‍ദ്ധിക്കുന്നതിന് കാരണമായത്. കനത്ത മഴയെതുടര്‍ന്ന് ഉള്ളികള്‍ നശിക്കുകയും പാടങ്ങള്‍ വെള്ളത്തിലാവുകയും ചെയ്തതോടെ വിളവെടുപ്പും വൈകി.

ഇതോടെ ഉള്ളിയുടെ വിതരണം തടസപ്പെട്ടതോടെയാണ് ഉള്ളി വിലയും ഉയരുന്നത്. കനത്ത മഴയെ തുടര്‍ന്നാണ് വിളവെടുപ്പ് 10 മുതല്‍ 15 ദിവസം വരെ വൈകിയത്. രാജ്യത്ത് നിലവില്‍ ഉള്ളിയുടെ വില 60 മുതല്‍ 80 വരെയാണ് ചില്ലറ വിപണിയില്‍. ഇന്ത്യയിലെ ഏറ്റവും വലിയ ഉള്ളി വിപണിയായ മഹാരാഷ്ട്രയിലെ ലാസല്‍ഗാവില്‍ ഒരു മാസത്തിലധികമായി കിലോയ്ക്ക് 45-50 രൂപയായിരുന്നു മൊത്തവില.

Read more

രണ്ടാഴ്ച വരെ ഇത്തരത്തില്‍ ഉള്ളി വിലയില്‍ മാറ്റമുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ദീപാവലി ആഘോഷങ്ങള്‍ ആരംഭിച്ചതോടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഗതാഗതചിലവ് കുറച്ചുകൊണ്ട് ഉത്തരേന്ത്യയിലേക്ക് ഉള്ളി എത്തിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ട്രെയിന്‍ സര്‍വീസും ആരംഭിച്ചിട്ടുണ്ട്.