ടി.പി, മനോജ് വധക്കേസ് പ്രതികള്‍ക്ക് സര്‍ക്കാരിന്റെ 'എണ്ണത്തോണി'; ചട്ടം ലംഘിച്ച് കണ്ണൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ 'സുഖ ചികിത്സ'

ടി.പി ചന്ദ്രശേഖരന്‍, കതിരൂര്‍ മനോജ് വധക്കേസുകളിലെ പ്രതികള്‍ക്ക് സുഖ ചികിത്സ. രണ്ട് കേസുകളിലെയും പ്രതികളായ സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്കാണ് കണ്ണൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ സുഖ ചികിത്സ നടത്തുന്നത്. ടി.പി കേസിലെ പ്രതിയായ കെ.സി രാമചന്ദ്രന്‍ ഇപ്പൊഴും ചികിത്സ തുടരുകയാണ്. ആശുപത്രിയിലെ 211 നമ്പര്‍ മുറിയിലാണ് രാമചന്ദ്രന്‍ കിടക്കുന്നത്. ജയില്‍ ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ് സര്‍ക്കാര്‍ ഇവര്‍ക്ക് വേണ്ടി നടത്തിയിരിക്കുന്നത്.

പൊലീസ് സുരക്ഷയുള്ള സെല്ലുകള്‍ ആശുപത്രിയില്‍ വേണമെന്നാണ് ചട്ടം. ഇത്തരം സംവിധാനം ഇല്ലാത്ത ആശുപത്രികളില്‍ തടവുകാര്‍ക്ക് ചികിത്സ നല്‍കരുത്. എന്നാല്‍ ഇതെല്ലാം തന്നെ കാറ്റില്‍ പറത്തിയും സി.പി.ഐ.എം അനുഭാവികളായ ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിട്ടുമാണ് പ്രതികള്‍ക്ക് സര്‍ക്കാര്‍ ഒത്താശ ചെയ്തുകൊടുക്കുന്നത്.

ഇരു കേസുകളിലെയും പ്രതികളെ കൂട്ടത്തോടെ ഇവിടെയ്ക്ക് എത്തിക്കാതെ ഇടവിട്ട് ഇടവിട്ടാണ് ഇവിടെ ചികിച്‌സയെന്ന പേരില്‍ ഇവര്‍ക്ക് സൗകര്യം ചെയ്തുകൊടുക്കുന്നത്. മനോജ് വധക്കേസിലെ പ്രതികളിലെ ചിലര്‍ 45 ദിവസത്തെ സുഖവാസത്തിനു ശേഷം ആശുപത്രി വിട്ടതായും ചിലര്‍ ഇവിടെ തുടരുന്നതായുമാണ് റിപ്പോര്‍ട്ട്.