ഗതാഗത നിയമലംഘനങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഫൈനുകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ്‌കുമാര്‍. റോഡുപയോഗിക്കുന്നവരെല്ലാം ശ്രദ്ധാലുക്കളാകുക എന്നതുമാത്രമേ ചെയ്യാനുള്ളൂവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഒരപകടത്തില്‍ ഒരു മരണം എന്നത് ഒരു കുടുംബത്തിന്റെ അവസ്ഥയിലുണ്ടാവുന്ന ദുഃഖകരമായ മാറിമറിയല്‍ ആണെന്നും മന്ത്രി പറഞ്ഞു.
റോഡപകടങ്ങളും മരണങ്ങളും കുറയേണ്ടത് നമ്മള്‍ ഓരോരുത്തരുടേയും ആവശ്യമാണ്. ഇതിനൊരു പരിഹാരം കാണണമെന്ന് എല്ലാവരും തീരുമാനമെടുക്കണം. വാഹനമോടിക്കുന്നവരും അല്ലാത്തവരും റോഡുപയോഗിക്കുമ്പോള്‍ വളരെ ശ്രദ്ധാലുക്കളായിരിക്കുകയല്ലാതെ വേറെ മാര്‍ഗമില്ലെന്നും കെബി ഗണേഷ്‌കുമാര്‍ വ്യക്തമാക്കി.
പത്തനംതിട്ട മുറിഞ്ഞകല്ലില്‍ മിനി ബസും കാറും കൂട്ടിയിടിച്ച് നവദമ്പതിമാരടക്കം നാലുപേര്‍ മരിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. അപകടത്തിന് കാരണം ഡ്രൈവര്‍ ഉറങ്ങിപ്പോയതായിരിക്കാമെന്ന് മന്ത്രി പറഞ്ഞു. റോഡിന് എന്തെങ്കിലും പ്രശ്നമുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ഗണേഷ്‌കുമാര്‍ അറിയിച്ചു.
ഇപ്പോള്‍ അപകടമുണ്ടായ റോഡിന് 1999ല്‍ സ്ഥലമേറ്റെടുത്തിട്ടതാണ്. ലോക ബാങ്ക് ഉപേക്ഷിച്ച റോഡായിരുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മന്ത്രി ജി.സുധാകരനുമേല്‍ വളരെയധികം സമ്മര്‍ദം ചെലുത്തി ഈ റോഡ് കൊണ്ടുവരാന്‍ ശ്രമിച്ചു. താനാണ് അതിന്റെ മുന്‍പന്തിയിലുണ്ടായിരുന്നതെന്നും മന്ത്രി പറഞ്ഞു.
പത്തനാപുരത്തുനിന്നാണ് റോഡിന്റെ ഉദ്ഘാടനംപോലും നടന്നത്. വളരെയധികം ഇടപെടല്‍ നടത്തിയ ശേഷമാണ് ലോകബാങ്കിനെ ഇതിലേക്ക് തിരിച്ചുകൊണ്ടുവന്നത്. മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ പറയുന്നതുപോലെ ഈ റോഡില്‍ അപകടസാധ്യതയുള്ള സ്ഥലങ്ങളില്ല. വീതി കൂടിയ, നേരെ പോകുന്ന ഒരുപാട് ഭാഗങ്ങളുണ്ട്.
Read more
വിദഗ്ധരാണെന്ന് സ്വയം കരുതുന്ന ഡ്രൈവര്‍ വളരെ വേഗത്തിലാണ് വാഹനമോടിക്കുക, അതില്‍ വേറൊന്നും ചെയ്യാനില്ല. നമ്മള്‍ വണ്ടിയോടിക്കുമ്പോള്‍ ഒരു നായയോ പൂച്ചയെ കുറുകെ ചാടിയാല്‍ നല്ല രീതിയില്‍ നിര്‍ത്താന്‍ പറ്റുമോയെന്ന് ചിന്തിക്കുക. ആ ചിന്ത ഇല്ലാതെയാണ് നമ്മള്‍ വണ്ടിയോടിക്കുന്നത്. നമ്മള്‍ സ്വന്തം കാര്യം മാത്രമേ നോക്കാറുള്ളൂവെന്നും മന്ത്രി പറഞ്ഞു.