ട്രെയിൻ വൈകിയതിനെ തുടർന്ന് യാത്രക്കാരന് ദക്ഷിണ റെയില്‍വേ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ഉപഭോക്തൃ തർക്ക പരിഹാര കോടതി. പതിമൂന്ന് മണിക്കൂര്‍ ചെന്നൈ- ആലപ്പി എക്‌സ്പ്രസ് വൈകിയതുമൂലം ഉണ്ടായ നഷ്ട്ടം ചൂണ്ടിക്കാട്ടി ബോഷ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ ഡെപ്യൂട്ടി മാനേജരായ കാർത്തിക് മോഹൻ നൽകിയ പരാതിയിലാണ് കോടതി വിധി.
50000 രൂപ യാത്രക്കാരന് നഷ്ടപരിഹാരമായും 10000 രൂപ കോടതി ചെലവായും 30 ദിവസത്തിനകം സേവനത്തിൽ വീഴ്ചവരുത്തിയ ദക്ഷിണ റെയിൽവേ നൽകണമെന്നാണ് ഉത്തരവ്. കമ്മീഷൻ പ്രസിഡൻറ് ഡിബി ബിനു, മെമ്പർമാരായ വൈക്കം രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ചാണ് ഉത്തരവിട്ടത്.
ചെന്നൈ- ആലപ്പി എക്‌സ്പ്രസ് വൈകിയതുമൂലം ചെന്നൈയിലെ കമ്പനിയുടെ ഉന്നതല യോഗത്തിൽ പങ്കെടുക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കാർത്തിക് മോഹൻ നൽകിയത്. ട്രെയിൻ കയറുന്നതിനു വേണ്ടി സ്റ്റേഷനിൽ എത്തിയപ്പോൾ മാത്രമാണ് 13 മണിക്കൂർ വൈകുമെന്ന് വിവരം റെയിൽവേയിൽ നിന്നും ലഭിക്കുന്നത്. മറ്റു മാർഗങ്ങൾ ഒന്നും ഇല്ലാത്തതിനാൽ മീറ്റിങിൽ പങ്കെടുക്കാനായില്ല. നീറ്റ് പരീക്ഷയ്ക്ക് പോകാൻ നിന്ന വിദ്യാർഥികളേയും മറ്റു യാത്രക്കാരെയും ട്രെയിൻ വൈകിയത് കാര്യമായി തന്നെ ബാധിച്ചു.
റെയിൽവേയുടെ ഈ പ്രവർത്തിയിൽ സാമ്പത്തികമായും മാനസികമായും ബുദ്ധിമുട്ട് ഉണ്ടായ സാഹചര്യത്തിലാണ് യാത്രക്കാരൻ എറണാകുളം ജില്ല ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനെ സമീപിച്ചത്. എന്നാൽ, യാത്രാ ഉദ്ദേശം മുന്‍കൂട്ടി അറിയിച്ചില്ലെന്നും അതിനാലാണ് മുന്‍കരുതല്‍ സ്വീകരിക്കാന്‍ കഴിയാതിരുന്നതെന്നാണ് റെയില്‍വേ നല്‍കിയ മറുപടി. ഈ വിശദീകരണം തള്ളിയാണ് എറണാകുളം ജില്ലാ ഉപഭോക്തൃ കോടതിയുടെ വിധി.
ചെന്നൈ ഡിവിഷനിലെ അരക്കുന്നത്ത് റെയിൽവേ യാർഡ് പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടന്നത് മൂലമാണ് ട്രെയിൻ വൈകിയത്, ഇത് നേരത്തെ അറിവുണ്ടായിരുന്നിട്ടും യാത്രക്കാർക്ക് മുൻകൂട്ടി വിവരങ്ങൾ നൽകുന്നതിലും സൗകര്യങ്ങൾ ഒരുക്കുന്നതിലും റെയിൽവേ അധികൃതർക്ക് വീഴ്ചയുണ്ടായെന്ന് കോടതി കണ്ടെത്തി. യാത്രക്കാർക്ക് ഉന്നത നിലവാരമുള്ള സേവനം ലഭിക്കുക എന്നത് റെയിൽവേയുടെ ഔദാര്യമല്ല യാത്രക്കാരന്റെ അവകാശമാണെന്നും കമ്മീഷൻ റെയിൽവേയെ ഓർമിപ്പിച്ചു.