ട്രാന്‍സ്‌ജെന്‍ഡര്‍ മരണങ്ങളെ ഒറ്റപ്പെട്ട സംഭവങ്ങളായി തള്ളിക്കളയരുത്; വി.ടി ബല്‍റാം

ട്രാന്‍സ്‌ജെന്‍ഡര്‍ മരണങ്ങളെ ഒറ്റപ്പെട്ട സംഭവങ്ങളായി തള്ളിക്കളയരുതെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം. കൊച്ചിയില്‍ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയേക്കൂടി മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നു. കഴിഞ്ഞ കുറച്ചുകാലമായി ഇതുപോലുള്ള ദുരൂഹമരണങ്ങളും ആത്മഹത്യകളും ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയില്‍ നിന്ന് നിരന്തരം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കൊച്ചിയില്‍ത്തന്നെ ഒന്നര വര്‍ഷത്തിനകത്ത് ഇത് അഞ്ചാമത്തെ മരണമാണിത്. ഇത്തരം സംഭവങ്ങളെ ഒറ്റപ്പെട്ട സംഭവങ്ങള്‍ എന്ന് എഴുതിത്തള്ളാതെ സവിശേഷമായ സാമൂഹിക ശ്രദ്ധയും പഠനവും ആവശ്യമുള്ള ഗൗരവതരമായ ഒരു വിഷയമായി കാണണമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ട്രാന്‍സ് കമ്മ്യൂണിറ്റിയോടുള്ള സമൂഹത്തിന്റെ മനോഭാവം, അധികാര സ്ഥാപനങ്ങളിലടക്കം നിലനില്‍ക്കുന്ന സ്റ്റിഗ്മ, ചൂഷണങ്ങള്‍, വിവേചനങ്ങള്‍, തൊഴിലില്ലായ്മ, എന്നിങ്ങനെ പലതരം പ്രശ്‌നങ്ങളും ഇനിയും വേണ്ട രീതിയില്‍ അഡ്രസ് ചെയ്യപ്പെട്ടിട്ടില്ല. ഈ മരണത്തേക്കുറിച്ചുള്ള പോലീസിന്റെ കേസന്വേഷണത്തിനപ്പുറം സാമൂഹിക നീതി വകുപ്പ് അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇതിനെ ഒരു പൊതു വിഷയമായിക്കണ്ട് ഗൗരവമുള്ള പഠനത്തിനും അതനുസരിച്ചുള്ള ഇടപെടലുകള്‍ക്കും ഇനിയും മടിച്ചു നില്‍ക്കരുതെന്നും വി ടി ബല്‍റാം ആവശ്യപ്പെട്ടു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

കൊച്ചിയില്‍ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയേക്കൂടി മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നു. കഴിഞ്ഞ കുറച്ചുകാലമായി ഇതുപോലുള്ള ദുരൂഹമരണങ്ങളും ആത്മഹത്യകളും ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയില്‍ നിന്ന് നിരന്തരം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കൊച്ചിയില്‍ത്തന്നെ ഒന്നര വര്‍ഷത്തിനകത്ത് ഇത് അഞ്ചാമത്തെ മരണമാണ്.

കേവലം ഒറ്റപ്പെട്ട സംഭവങ്ങള്‍ എന്ന് എഴുതിത്തള്ളാതെ സവിശേഷമായ സാമൂഹിക ശ്രദ്ധയും പഠനവും ആവശ്യമുള്ള ഗൗരവതരമായ ഒരു വിഷയമായി ഇതിനെ കാണാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. ട്രാന്‍സ് കമ്മ്യൂണിറ്റിയോടുള്ള സമൂഹത്തിന്റെ മനോഭാവം, അധികാര സ്ഥാപനങ്ങളിലടക്കം ഇപ്പോഴും നിലനില്‍ക്കുന്ന സ്റ്റിഗ്മ, പലതരം ചൂഷണങ്ങള്‍, വിവേചനങ്ങള്‍, രൂക്ഷമായ തൊഴിലില്ലായ്മ, എന്നിങ്ങനെ പലതരം പ്രശ്‌നങ്ങളും ഇനിയും വേണ്ട രീതിയില്‍ അഡ്രസ് ചെയ്യപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ ഈ മരണത്തേക്കുറിച്ചുള്ള പോലീസിന്റെ കേസന്വേഷണത്തിനപ്പുറം സാമൂഹിക നീതി വകുപ്പ് അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇതിനെ ഒരു പൊതു വിഷയമായിക്കണ്ട് ഗൗരവമുള്ള പഠനത്തിനും അതനുസരിച്ചുള്ള ഇടപെടലുകള്‍ക്കും ഇനിയും മടിച്ചു നില്‍ക്കരുത്. സമൂഹത്തിലെ ഓരോ വ്യക്തിയും പൂര്‍ണാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളപ്പെടുന്നു എന്ന് ഉറപ്പുവരുത്തേണ്ടത് നാമേവരുടേയും ഉത്തരവാദിത്തമാണ്.

Read more