പൊലീസ് തലപ്പത്ത് സമഗ്ര അഴിച്ചുപണി; മന്ത്രി ഗണേഷ് കുമാറുമായി പോരടിച്ചിരുന്ന ഗതാഗത കമ്മീഷണറെ തെറിപ്പിച്ചു; എസ് ശ്രീജിത്തിനെ പൊലീസ് ആസ്ഥാനത്തേക്ക് മാറ്റി

മന്ത്രി ഗണേഷ് കുമാറുമായി പോരടിച്ചിരുന്ന ഗതാഗത കമ്മീഷണര്‍ എസ്. ശ്രീജിത്തിനെ സ്ഥലം മാറ്റി. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായിരുന്ന എഡിജിപി എസ് ശ്രീജിത്തിനെ പൊലീസ് ആസ്ഥാനത്തിന്റെ ചുമതലയിലേക്ക് നിയോഗിച്ചിരിക്കുന്നത്. എറണാകുളം ക്രൈംബ്രാഞ്ച് ഐജിയായിരുന്ന എ അക്ബറാണ് പുതിയ ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍.
ഐപിഎസ് തലത്തില്‍ സമഗ്ര അഴിച്ചു പണിയാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്.

ബിവറേജസ് കോര്‍പറേഷന്‍ എംഡിയായിരുന്ന എഡിജിപി യോഗേഷ് ഗുപ്തയെ പുതിയ വിജിലന്‍സ് എഡിജിപിയായി നിയമിച്ചു. വിജിലന്‍സ് ഡയറക്ടറുടെ പൂര്‍ണ അധിക ചുമതലയും നല്‍കിയിട്ടുണ്ട്. സംസ്ഥാന പൊലീസ് മേധാവിയായ ഷെയ്ഖ് ദര്‍വേഷ് സാഹേബിന് കേരള പൊലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ചെയര്‍മാന്റെ അധിക ചുമതലയും നല്‍കി.

ഐജി ഹര്‍ഷിത അട്ടല്ലൂരിയാണ് ബിവറേജസ് കോര്‍പറേഷന്റെ പുതിയ എംഡി. പൊലീസ് ഹൗസിങ് കോര്‍പറേഷന്‍ എംഡിയായിരുന്ന ചക്കിലം നാഗരാജുവിനെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഐജിയായി നിയോഗിച്ചു. ജെ ജയന്താണ് പൊലീസ് ഹൗസിങ് കോര്‍പറേഷന്റെ പുതിയ മാനേജിങ് ഡയറക്ടര്‍.

തൃശൂര്‍ റേഞ്ച് ഡിഐജി എസ് അജിതാ ബീഗത്തിനെ തിരുവനന്തപുരം റേഞ്ച് ഡിഐജിയായും കണ്ണൂര്‍ റേഞ്ച് ഡിഐജി തോംസണ്‍ ജോസിനെ തൃശൂര്‍ റേഞ്ച് ഡിഐജിയായും നിയമിച്ചു. ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ തസ്തികയില്‍ ഒരുവര്‍ഷത്തേക്ക് എക്സ് കേഡര്‍ പോസ്റ്റ് രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.