ജനറല്‍ ടിക്കറ്റില്‍ സ്ലീപ്പര്‍ ക്ലാസില്‍ യാത്ര; ചോദ്യം ചെയ്ത ടിടിഇയ്ക്ക് മര്‍ദ്ദനം; ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍

ജനറല്‍ ടിക്കറ്റില്‍ സ്ലീപ്പര്‍ ക്ലാസില്‍ യാത്ര ചെയ്തത് ചോദ്യം ചെയ്ത ടിടിഇയെ മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാള്‍ റെയില്‍വേ പൊലീസിന്റെ കസ്റ്റഡിയില്‍. ഐലന്‍ഡ് എക്‌സ്പ്രസിലാണ് സംഭവം നടന്നത്. മര്‍ദ്ദനത്തെ തുടര്‍ന്ന് പരിക്കേറ്റ ടിടിഇ ജയേഷ് പേട്ട റെയില്‍വേ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

നെയ്യാറ്റിന്‍കരയ്ക്കും പാറശ്ശാലക്കും ഇടയിലാണ് സംഭവം നടന്നിരിക്കുന്നത്. ടിക്കറ്റ് പരിശോധിച്ചു പോകുന്നതിനിടയില്‍ സ്ലീപ്പര്‍ ക്ലാസില്‍ നാലഞ്ച് പേരടങ്ങുന്ന സംഘം ഉണ്ടായിരുന്നു. ഇവരുടെ പക്കല്‍ സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റ് ഉണ്ടായിരുന്നില്ല. ജനറല്‍ ടിക്കറ്റായിരുന്നു ഉണ്ടായിരുന്നത്. ഇതേ തുടര്‍ന്ന് ജയേഷ് യാത്രക്കാരോട് പിഴയടയ്ക്കാന്‍ ആവശ്യപ്പെട്ടു.

Read more

എന്നാല്‍ ടിക്കറ്റെടുക്കാനോ പിഴയടയ്ക്കാനോ ഇവര്‍ തയ്യാറായില്ല. പിന്നാലെ ഉദ്യോഗസ്ഥനെ മര്‍ദ്ദിക്കുകയായിരുന്നു. കംപാര്‍ട്ട്‌മെന്റില്‍ പിടിച്ചുവച്ച് മര്‍ദിച്ചതിനെ തുടര്‍ന്ന് ജയേഷിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവം മറ്റ് ടിടിഇമാരെ അറിയിച്ചതിനെ തുടര്‍ന്ന് അവര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.