നവകേരള സദസിന് പോകാനായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഒരു കോടിയുടെ ആഡംബര ബസ് ഒരുക്കുന്നതിനെ ന്യായീകരിച്ച് ഗതാഗത മന്ത്രി ആന്‍റണി രാജു രംഗത്ത്. ബസ് മോഡി പിടിപ്പിക്കുന്നുവെന്ന വാർത്ത അടിസ്ഥാന രഹിതമാണ്. ബസിൽ യാത്ര ചെയ്യുന്നത് ട്രാഫിക് ജാം ഒഴിവാക്കാനാണെന്നും ആന്റണി രാജു പ്രതികരിച്ചു.
21 മന്ത്രിമാരും അവരുടെ എസ്കോർട്ടും കൂടി 75 വാഹനം ഉണ്ടാകും. ആ തിരക്ക് ഒഴിവാക്കാനാകും. മുഖ്യമന്ത്രി ഉൾപ്പെടെ ബെൻസ് ബസിലാണ് യാത്ര ചെയ്യുന്നത്. സാമ്പത്തികമായ ലാഭം ബസിൽ യാത്ര ചെയ്യുന്നതാണ്. ബസ് ബഡ്ജറ്റ് ടൂറിസത്തിന്‍റെ ഭാഗമായി ഉപയോഗിക്കാൻ കഴിയും.18 ആം തിയതി ബസിൽ നിന്നായിരിക്കും നവകരേള സദസിനായി യാത്ര തിരിക്കുക. രഹസ്യ കേന്ദ്രത്തിലല്ല ബസ് നിർമാണം നടക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു.
നവ കേരള സദസിനായുള്ള സ്പെഷ്യൽ ബസിനായി ഫണ്ട് അനുവദിച്ച് ഉത്തരവിറങ്ങിയത് വലിയ രീതിയിലുള്ള വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഒരു കോടി അഞ്ച് ലക്ഷം രൂപയാണ് ബസിനായി അനുവദിച്ചത്. സാമ്പത്തിക പ്രതിസന്ധിയിൽ ട്രഷറിക്ക് ഏർപ്പെടുത്തിയ നിയന്ത്രണം മറികടന്നാണ് ബസിന് പണം അനുവദിച്ചത്. ആഡംബര ബസിന്റെ പണി ബെംഗളൂരിവിൽ പുരോഗമിക്കുകയാണ്.