അട്ടപ്പാടി മഞ്ചിക്കണ്ടി വനത്തിൽ തണ്ടര്‍ബോള്‍ട്ട് സംഘം വെടിവെച്ചു കൊന്നത് കീഴടങ്ങാന്‍ തയ്യാറായ മാവോയിസ്റ്റുകളെയെന്ന് വെളിപ്പെടുത്തല്‍. അട്ടപ്പാടി ആദിവാസി ആക്ഷന്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ മുരുകന്റേതാണ് വെളിപ്പെടുത്തല്‍.
ആദിവാസികളില്‍ ചിലരെ ദൂതരാക്കി മാവോയിസ്റ്റുകളുമായി പൊലീസ് ചര്‍ച്ച നടത്തിയിരുന്നെന്നും അഗളി മുന്‍ എസ്‍പിയാണ് ചര്‍ച്ചകള്‍ക്കു നേതൃത്വം കൊടുത്തതെന്നും മുരുകന്‍ പറയുന്നു.
മഞ്ചിക്കണ്ടി വനമേഖലയില്‍ വര്‍ഷങ്ങളായി മാവോയിസ്റ്റുകള്‍ വന്ന് തമ്പടിക്കുന്നതായാണ് പൊതുവെയുള്ള സംസാരം. എന്നാല്‍ ഇവരെ ഇതുവരെ ആരും നേരില്‍ കണ്ടിട്ടില്ലെന്നും മുരുകന്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടന്ന വെടിവെയ്പ്പ് യഥാര്‍ത്ഥത്തില്‍ വ്യാജ വെടിവെയ്പ്പാണ്. പൊലീസ് വളരെ ആസൂത്രിതമായി നീക്കങ്ങള്‍ നടത്തി മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതാണ് എന്നാണ് വ്യക്തമാകുന്നതെന്നും മുരുകന്‍ കൂട്ടിച്ചേര്‍ത്തു.
മാവോയിസ്റ്റുകളുടെ ഭാഗത്തു നിന്ന് പ്രകോപനപരമായിട്ട് പൊലീസിനെതിരെ ഒന്നും ഉണ്ടായിട്ടില്ല. മാവോയിസ്റ്റുകള്‍ ഭക്ഷണത്തിനു വേണ്ടിയും മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വേണ്ടിയുമാണ് ഊരുകളില്‍ വരുന്നതെന്നാണ് പറയപ്പെടുന്നത്. അത്തരമൊരു സാഹചര്യത്തില്‍ മാവോയിസ്റ്റുകള്‍ കീഴടങ്ങാന്‍ വേണ്ട ഇടപെടലാണ് പൊലീസിന്‍റെ ഭാഗത്തു നിന്ന് ഉണ്ടാവേണ്ടത്. കഴിഞ്ഞ മാസങ്ങളില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. അവര്‍ കീഴടങ്ങാന്‍ മാനസികമായി തയ്യാറായിരുന്നെന്നും മുരുകന്‍ പറയുന്നു.
Read more
അതേസമയം മാവോയിസ്റ്റ് ഏറ്റുമുട്ടലിനെ ന്യായീകരിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില് സ്വീകരിച്ചത്. പട്രോളിംഗിനിറങ്ങിയ തണ്ടര്‍ബോള്‍ട്ടിനു നേരെ മാവോയിസ്റ്റുകള്‍ വെടിവെയ്ക്കുകയായിരുന്നു. സ്വയരക്ഷക്കു വേണ്ടിയാണ് തിരിച്ചു വെടിയുതിര്‍ത്തത്. അതിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എകെ 47 ഉൾപ്പെടെയുള്ള ആയുധങ്ങൾ ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. വിഷയത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.