വയനാട് കല്‍പ്പറ്റയില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ സമരം പ്രഖ്യാപിച്ച് ആദിവാസി സംഘടനകള്‍. യുവാവിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടാണ് സംഘടനകള്‍ സമരത്തിനൊരുങ്ങുന്നത്. പൊലീസ് കസ്റ്റഡിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി യുവാവ് മരിച്ച സംഭവത്തില്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കാനും സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.
അതേസമയം ഗോകുലിന്റെ മരണത്തില്‍ ക്രൈം ബ്രാഞ്ചിനാണ് അന്വേഷണ ചുമതല. ക്രൈം ബ്രാഞ്ച് കല്‍പ്പറ്റ സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തിട്ടുണ്ട്. ജില്ലാ ക്രൈംബ്രാഞ്ചാണ് കല്‍പ്പറ്റ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തത്. ഫോറന്‍സിക് സര്‍ജന്മാരുടെ സംഘവും കല്‍പ്പറ്റ സ്റ്റേഷന്‍ സന്ദര്‍ശിച്ചിരുന്നു.
കേസ് ജില്ലാ ക്രൈംബ്രാഞ്ചില്‍ നിന്ന് സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുത്തേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. അതേസമയം കല്‍പ്പറ്റ സിഐ ഗോകുലിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയിരുന്നതായും ആരോപണമുണ്ട്. ഗോകുലിനെ കൈയില്‍ കിട്ടിയാല്‍ വെറുതെ വിടില്ലെന്ന് സിഐ പറഞ്ഞിരുന്നതായി കുടുംബം ആരോപിച്ചിരുന്നു.
ആദിവാസികള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു എന്നാണ് സംഘടനകള്‍ ഉയര്‍ത്തുന്ന ആരോപണം. ഇതേ തുടര്‍ന്ന് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രത്യക്ഷ സമരത്തിലേക്ക് പോകാനാണ് തീരുമാനം.