ഇടുക്കി കിഴുക്കാനത്ത് ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയതിൽ മൂന്നാം പ്രതിയായ വനം വകുപ്പ് ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു. വനം വകുപ്പ് ഡ്രൈവർ ജിമ്മി ജോസഫ് ആണ് അറസ്റ്റിലായത്. കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിക്കുകയും അന്വേഷണ ഉദ്യോഗസ്‌ഥന് മുന്നിൽ ഹാജരാകാൻ നിർദേശിക്കുകയും ചെയ്തിരുന്നു.
2022 സെപ്റ്റംബർ 20നാണ് ഓട്ടോറിക്ഷയിൽ കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് സരുൺ സജിയെ കിഴുക്കാനം ഫോറസ്റ്റ് ഓഫീസര്‍ അനിൽകുമാറും സംഘവും അറസ്റ്റു ചെയ്തത്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ സരുണും കുടുംബാംഗങ്ങളും ആദിവാസി സംഘടനയുടെ നേതൃത്വത്തിൽ നിരാഹാര സമരം നടത്തിയതോടെ വനംവകുപ്പ് സി.സി.എഫ് അന്വേഷണം നടത്തി കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തി. തുടർന്ന് സർക്കാരിന് റിപ്പോർട്ട് നൽകി.
പിന്നാലെ ഇടുക്കി വൈൽഡ് ലൈഫ് വാർഡനും അസിസ്റ്റന്‍റ് ഫോറസ്റ്റ് കൺസർവേറ്ററുമായ ബി. രാഹുൽ ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥരെ സർവിസിൽ നിന്ന് സസ്പെൻഡും ചെയ്തിരുന്നു.
കള്ളക്കേസെടുത്ത നടപടിയിൽ അന്വേഷണം ആവശ്യപ്പെട്ട് സരുൺ സജി നൽകിയ പരാതിയിൽ പൊലീസ് 13 വനം വകുപ്പ് ഉദ്യോഗസ്ഥരെ പ്രതി ചേർത്ത് കേസെടുത്തിരുന്നു.