ഒറ്റപ്പെട്ട സംഭവത്തെ ഉയര്‍ത്തിക്കാട്ടി സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നു: കനത്ത ജാഗ്രത വേണമെന്ന് സി.പി.എം

കരിവന്നൂര്‍ ബാങ്ക് തട്ടിപ്പ് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കെ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ഗൂഢ ശ്രമം നടത്തുകയാണെന്ന പ്രസ്താവനയുമായി സിപിഎം. സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ഗൂഢ ശ്രമം നടക്കുകയാണെന്നും വിവാദ സംഭവം ഒറ്റപ്പെട്ടതാണെന്നും
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.

കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള ഗൂഢ പദ്ധതികള്‍ക്കെതിരെ കനത്ത ജാഗ്രതയുണ്ടാകണം. കേരളത്തിന്റെ വികസനത്തിന് വമ്പിച്ച സംഭാവനയാണ് സഹകരണ പ്രസ്ഥാനം നല്‍കിയിട്ടുള്ളത്. ഗ്രാമീണ മേഖലയെ ഹുണ്ടിക വ്യാപാരികളുടെ വ്യവഹാരങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തി പുതിയ പാത വെട്ടിത്തുറന്നത് സഹകരണ പ്രസ്ഥാനങ്ങളാണ്. ഇന്ന് കേരളത്തിന്റെ സമസ്ത മേഖലകളിലും വ്യാപിച്ചു നിന്നുകൊണ്ട് ജനങ്ങള്‍ക്ക് വമ്പിച്ച സേവനങ്ങളാണ് അവ നല്‍കികൊണ്ടിരിക്കുന്നത്. 2.5 ലക്ഷം കോടിയോളം നിക്ഷേപം ഈ മേഖലയിലുണ്ട്. അത്രത്തോളം തന്നെ വായ്പയും ഈ സംഘങ്ങള്‍ നല്‍കിയിട്ടുണ്ട്. ഒരു ലക്ഷത്തോളം ജീവനക്കാരും സഹകരണ പ്രസ്ഥാനത്തെ ആശ്രയിച്ച് ജീവിക്കുകയാണ്.

4745 സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതില്‍ 1604 പ്രാഥമിക സഹകരണ സംഘങ്ങളും ജനങ്ങളുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയാണ്. ഇതര മേഖലയിലുള്ള 3100 ല്‍ പരം സംഘങ്ങള്‍ സമൂഹത്തില്‍ ഏറെ പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളുടെ തൊഴിലും, വരുമാനവും ലക്ഷ്യംവെച്ചുകൊണ്ട് സ്ഥാപിതമായവയാണ്. വനിതാ സഹകരണ സംഘങ്ങളും ലക്ഷക്കണക്കിന് തൊഴിലാളികള്‍ ജീവസന്ധാരണത്തിന് ആശ്രയിക്കുന്ന പരമ്പരാഗത മേഖലയിലെ സഹകരണ സംഘങ്ങളും ഇതിന്റെ ഭാഗമായുള്ളവയാണ്.

നാടിന്റെ എല്ലാ വികസന പ്രവര്‍ത്തനങ്ങളിലും നിറഞ്ഞ് നില്‍ക്കുന്ന സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കാനുള്ള നീക്കം ആഗോളവല്‍ക്കരണ നയങ്ങളാരംഭിച്ചതോടെ രാജ്യത്ത് സജീവമായതാണ്. രാജ്യത്തിന്റെ ധനകാര്യ മേഖല ധനമൂലധന ശക്തികള്‍ക്ക് വിട്ട് കൊടുക്കുവാനുള്ള ഗൂഢ പദ്ധതികളാണ് ഇതിന്റെ പിന്നിലുള്ളത്. പൊതുമേഖലാ ബാങ്കുകളുടെ നിലനില്‍പ്പ് തന്നെ അപകടാവസ്ഥയാക്കുന്ന തരത്തില്‍ കോര്‍പ്പറേറ്റുകളുടെ കടങ്ങള്‍ എഴുതി തള്ളുന്ന നിലവരെ ഉണ്ടായിരിക്കുകയാണ്.

ആഗോളവല്‍ക്കരണ ശക്തികളുടെ താല്‍പര്യങ്ങള്‍ക്ക് തടസ്സമായി നില്‍ക്കുന്ന സഹകരണ പ്രസ്ഥാനത്തേയും തകര്‍ക്കാനുള്ള നടപടികള്‍ നേരത്തെ തന്നെ ആരംഭിച്ചിട്ടുള്ളതാണ്. നോട്ട് നിരോധനത്തിന്റെ കാലത്തും സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള ശക്തമായ ശ്രമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ശക്തമായ ഇടപെടലാണ് അതിന് തടസ്സമായി നിന്നത്. സംസ്ഥാനത്തിന്റെ വിഷയമായ സഹകരണ മേഖലയില്‍ നിയമമുണ്ടാക്കുന്ന ഇടപെടലും കേന്ദ്ര സര്‍ക്കാര്‍ നടത്തുകയുണ്ടായി. ഇവയെല്ലാം പ്രതിരോധിച്ചുകൊണ്ടാണ് കേരളത്തിന്റെ സഹകരണ മേഖല മുന്നോട്ട് പോകുന്നത്. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കുക എന്ന സംഘപരിവാര്‍ അജണ്ടകള്‍ക്ക് കുഴലൂത്ത് നടത്തുന്ന പ്രവര്‍ത്തനമാണ് ചില മാധ്യമങ്ങള്‍ നടത്തുന്നത്. പൊടിപ്പും തൊങ്ങലുംവെച്ച് വാര്‍ത്ത ചമക്കുന്നതിന് പിന്നിലുള്ള ഈ താല്‍പര്യങ്ങളും തിരിച്ചറിയണം. പൊതുമേഖലാ ബാങ്കുകളെ കൊള്ള ചെയ്ത് കോടികള്‍ മുക്കിയ കോര്‍പ്പറേറ്റുകള്‍ക്ക് വീണ്ടും അത്തരം കൊള്ളക്ക് അവസരം കൊടുക്കുന്ന ബിജെപി സര്‍ക്കാരിന്റെ സമീപനമല്ല എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്.

സഹകരണ ബാങ്കുകളില്‍ ഉയര്‍ന്നുവന്ന ഒറ്റപ്പെട്ട സംഭവത്തെ ഉയര്‍ത്തിക്കാട്ടി സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയേണ്ടതുണ്ട്. ഒറ്റ പൈസ പോലും നിക്ഷേപകര്‍ക്ക് നഷ്ടമാകില്ലെന്നും അവ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി തന്നെ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഉയര്‍ന്നുവന്ന പ്രശ്നങ്ങളില്‍ ശരിയായ പരിശോധന സംസ്ഥാന സര്‍ക്കാര്‍ നടത്തുകയും, ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. വസ്തുത ഇതായിരിക്കെ ആശങ്കകള്‍ വാരിയെറിഞ്ഞ് സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കണമെന്നും സിപിഎം പ്രസ്താവനയില്‍ പറഞ്ഞു.

Latest Stories

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?