തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രതിനിധി സമ്മേളനം മഞ്ചേരിയില്‍; ദേശീയ നേതാക്കളും എംപിമാരും പങ്കെടുക്കും

എല്‍ഡിഎഫ് വിട്ട നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ ദേശീയ നേതാക്കളെ പങ്കെടുപ്പിച്ച് സംസ്ഥാന പ്രതിനിധി സമ്മേളനം നടത്താന്‍ തൃണമൂല്‍ കോണ്‍ഗ്രസ് കേരള ഘടകം. ഫെബ്രുവരി 23ന് മലപ്പുറം മഞ്ചേരിയിലാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രതിനിധി സമ്മേളനം.

പ്രതിനിധി സമ്മേളനത്തില്‍ പ്രധാന നേതാക്കളും എംപിമാരുമായ ഡെറിക് ഒബ്രിയാന്‍, മഹുവ മൊയ്തു എന്നിവര്‍ പങ്കെടുക്കും. കഴിഞ്ഞ ജനുവരിയിലാണ് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പിവി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെയാണ് നേതാക്കള്‍ കേരളത്തിലേക്ക് എത്തുന്നത്.

Read more

ദേശീയ ജനറല്‍ സെക്രട്ടറിയും മമത ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജിയാണ് അന്‍വറിനെ സ്വീകരിച്ചത്. കൊല്‍ക്കത്തയില്‍ അഭിഷേക് ബാനര്‍ജിയുടെ ഓഫീസില്‍വെച്ച് ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനായി ഒന്നിച്ചുപ്രവര്‍ത്തിക്കാമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എക്‌സില്‍ കുറിക്കുകയും ചെയ്തിരുന്നു.