കൊച്ചി മെട്രോ ആലുവയില്‍ നിന്ന് തൃപ്പൂണിത്തുറ തൊടും; ഒന്നാം ഘട്ടം പൂര്‍ത്തിയായി; പ്രധാനമന്ത്രി രാജനഗരിയിലെ ടെര്‍മിനല്‍ ഇന്ന് നാടിന് തുറന്ന് നല്‍കും

രാജനഗരിയായ തൃപ്പൂണിത്തുറയിലേക്ക് ഇന്നു മുതല്‍ കേരളത്തിന്റെ സ്വന്തം കൊച്ചി മെട്രോയെത്തും. പുതിയ സ്റ്റേഷനായ തൃപ്പൂണിത്തുറ ടെര്‍മിനല്‍ ഇന്ന് രാവിലെ പത്തിന് കല്‍ക്കത്തയില്‍ നിന്ന് ഓണ്‍ലൈനായി പ്രധാനമന്ത്രി മെട്രോ ഫ്‌ലാഗ് ഓഫ് ചെയ്യും. ആ സമയം തന്നെ തൃപ്പൂണിത്തുറ സ്റ്റേഷനില്‍ നിന്ന് ഭിന്നശേഷിയുള്ള കുട്ടികളുമായി ആദ്യ ട്രെയിന്‍ ആലുവ സ്റ്റേഷനിലേക്ക് പുറപ്പെടും. ആദ്യ ട്രെയിന്‍ പുറപ്പെട്ടതിന് ശേഷം അന്നേദിവസം തന്നെ പൊതുജനങ്ങള്‍ക്കായി തൃപ്പൂിത്തുറയില്‍ നിന്ന് ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കും.

പുതുതായി നിര്‍മ്മിച്ച തൃപ്പൂണിത്തുറ ടെര്‍മിനല്‍ സ്റ്റേഷനില്‍ രാവിലെ 9.45 മുതല്‍ കൊച്ചി മെട്രോ ഫേസ് 1-B നാടിന് സമര്‍പ്പിക്കുന്നതിന്റെ ചടങ്ങുകള്‍ ആരംഭിക്കും. ജനപ്രതിനിധികളും വിവിധ വിശിഷ്ഠ വ്യക്തികളും സ്റ്റേഷനില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കും. ആലുവ മുതല്‍ തൃപ്പൂണിത്തുറ ടെര്‍മിനല്‍ വരെ 75 രൂപയാണ് അംഗീകൃത ടിക്കറ്റ് നിരക്ക്. എന്നാല്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് നിലവില്‍ ആലുവയില്‍ നിന്ന് എസ്.എന്‍ ജംഗ്ഷനിലേക്കുള്ള യാത്രാ നിരക്കായ 60 രൂപ കൊച്ചി മെട്രോ ഒരു സ്റ്റേഷന്‍ കൂടി കടന്ന് തൃപ്പൂണിത്തുറയിലേക്ക് എത്തുമ്പോഴും മാറ്റമില്ലാതെ തുടരും. അതായത് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ 15 രൂപ ഇളവോടെ ആലുവയില്‍ നിന്ന് തൃപ്പൂണിത്തുറ സ്റ്റേഷനിലേക്കുള്ള ടിക്കറ്റ് നിരക്ക് 60 രൂപയായിരിക്കും.

രാജനഗരിയിലേക്ക് കൊച്ചി മെട്രോ എത്തുമ്പോള്‍ മെട്രോ സ്റ്റേഷനും രാജനഗരിയുടെ പ്രൌഢിയോടെയാണ് ഒരുങ്ങിയിരിക്കുന്നത്. മെട്രോ സ്റ്റേഷനും തൂണുകളും മ്യൂറല്‍ ചിത്രങ്ങളാല്‍ സമ്പന്നമാണ്. സ്റ്റേഷന് മുന്‍വശത്തെ തൂണുകളില്‍ തൃപ്പൂണിത്തുറയുടെ ചരിത്രത്തിന്റെ ഭാഗമായ അത്തച്ചമയത്തിലെ വിവിധ കാഴ്ച്ചകളാണ് മ്യൂറല്‍ ചിത്രങ്ങളായി ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ വിവിധ നൃത്തരൂപങ്ങളുടെ ശില്പങ്ങളുമായി ഒരുക്കിയിരിക്കുന്ന ഡാന്‍സ് മ്യൂസിയം ഈ സ്റ്റേഷന്റെ മറ്റൊരു പ്രത്യേകതയാണ്. ഡാന്‍സ് മ്യൂസിയവും ഉടന്‍ തന്നെ പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കും. ഈ സ്റ്റേഷനില്‍ യാത്രക്കാര്‍ക്കായി ഒരുക്കിയിരിക്കുന്ന ഇരിപ്പിടങ്ങളിലും ലൈറ്റുകളിലും മറ്റ് ഇന്റ്റീരിയര്‍ ഡിസൈനിലുമെല്ലാം രാജനഗരിയുടെ പൈതൃകം കൊണ്ടുവരുന്നതിനായി ശ്രമിച്ചിട്ടുണ്ട്.

1.35 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് തൃപ്പൂണിത്തുറ സ്റ്റേഷന്‍ ഒരുങ്ങിയിരിക്കുന്നത്. ഇതില്‍ 40,000 ചതുരശ്ര അടി ടിക്കറ്റ് ഇതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായുള്ള പദ്ധതികള്‍ക്കായി നീക്കിവച്ചിരിക്കുകയാണ്. ആലുവ മുതല്‍ തൃപ്പൂണിത്തുറ സ്റ്റേഷന്‍ വരെ 25 സ്റ്റേഷനുകളുമായി 28.125 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തില്‍ പിന്നിടുന്നത്.

ഭൂമി ഏറ്റെടുക്കുന്നതിനും നിര്‍മ്മാണത്തിനുമുള്‍പ്പെടെ 448.33 കോടി രൂപയാണ് ചെലവ് വന്നിട്ടുള്ളത്. കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന് 379 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ രണ്ടാംഘട്ടമായ പിങ്ക് ലൈന്‍ നിര്‍മ്മാണത്തിനാണ് ഈ തുക ഉപയോഗിക്കുക.

ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം മുതല്‍ ഇന്‍ഫോ പാര്‍ക്കിലൂടെ കാക്കനാടുവരെ ദീര്‍ഘിപ്പിക്കുന്ന പദ്ധതിയുടെ പുതുക്കിയ അടങ്കലിന് ഭരണാനുമതി നല്‍കുന്നതാണ് ധനവകുപ്പിന്റെ അംഗീകാരം. 11.8 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ നിര്‍മ്മിക്കുന്ന രണ്ടാംഘട്ടം 2025ല്‍ തന്നെ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Latest Stories

പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ റെയിഡ്; പുറത്ത് തമ്പടിച്ച് സിപിഎം ബിജെപി പ്രവര്‍ത്തകര്‍; വ്യാപക സംഘര്‍ഷം

ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡേവിഡ് ബെക്കാം, സിനദീൻ സിദാൻ എന്നിവർ ഉപയോഗിച്ചിരുന്ന ഡ്രസ്സിംഗ് റൂം ലോക്കറുകൾ റയൽ മാഡ്രിഡ് 10,000 പൗണ്ടിന് ലേലത്തിൽ വെച്ചതായി റിപ്പോർട്ട്

"എന്റെ ചിന്നത്തമ്പി ദുല്‍ഖറിന്റെ ചിത്രം ലക്കി ഭാസ്‌കറും ഗംഭീരമായി പോകുന്നുവെന്നറിഞ്ഞു, സിനിമ കാണാത്തവരുണ്ടെങ്കില്‍ പോയി കാണണം' വൈറൽ ആയി സൂര്യയുടെ വാക്കുകൾ

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത