തിരുവനന്തപുരം ജില്ലയിലെ പാലോട് റേഞ്ച് പരിധിയിലെ ബ്രൈമൂർ മണച്ചാലയിൽ നിബിഡ വനത്തിനുള്ളിൽ നടന്ന വൈഡൂര്യ ഖനനം വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അറിവും സമ്മതത്തോടെയുമാണെന്ന് വ്യക്തമായിരിക്കുകയാണെന്ന് പശ്ചിമഘട്ട ജൈവ കലവറ പരിപാലന സമിതി ആരോപിച്ചു.
കഴിഞ്ഞ തവണ ആധുനിക സംവിധാനങ്ങളോടെ വൈഡൂര്യം കൊള്ളചെയ്യാൻ വന്ന സംഘത്തിന് വൈഡൂര്യങ്ങൾ കൈയ്യെത്തും ദൂരത്തിൽ ആയിട്ടും വിവരം പുറത്തറിഞ്ഞതിനാൽ ദൗത്യം ഉപേക്ഷിക്കേണ്ടി വന്നു. അന്നത്തെ പെരിങ്ങമ്മല വനം സെക്ഷൻ ഓഫീസിലെ ജീവനക്കാരുടെ സഹായം ആ കൊള്ളസംഘത്തിനു ഉണ്ടായിരുന്നു.
അന്നത്തെ പെരിങ്ങമ്മല ആക്ഷൻ കൗൺസിലിൻ്റെ പരാതിയിൽ സെക്ഷൻ ഫോറസ്റ്ററെ സ്ഥലം മാറ്റുകയും വാച്ചർമാരെ പിരിച്ചുവിടുകയും ചെയ്തു. പ്രതികളെ അറസ്റ്റു ചെയ്തില്ല. കേസും മുന്നോട്ട് പോയില്ല.
വനം വിജിലൻസിൻ്റെ നിർദ്ദേശപ്രകാരം വൈഡൂര്യഖനിക്ക് സമീപം ഇരുപത്തിനാല് മണിക്കൂറും ശക്തമായ കാവൽ ഏർപ്പെടുത്തുകയുമുണ്ടായി.
ഇപ്പോൾ പാലോട് റേഞ്ച് ഓഫീസറായി ഇരിക്കുന്നയാൾ മുമ്പ് ഇവിടെ ഫോറസ്റ്ററായിരുന്നു. ഇദ്ദേഹം ചാർജെടുത്തതിൻ്റെ പിന്നാലെയാണ് പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും ഇവിടെ വൈഡൂര്യ കൊള്ള നടന്നത്. ബ്രൈമൂർ മണച്ചാലയിലെ വൈഡൂര്യ നിക്ഷേപത്തിൽ കണ്ണ് വെച്ചവരിൽ പ്രധാനികൾ വനം വകുപ്പ് ഉദ്യേഗസ്ഥർ തന്നെയാണ് എന്ന് പശ്ചിമഘട്ട ജൈവ കലവറ പരിപാലന സമിതി പറഞ്ഞു.
ബ്രൈമൂർ വനത്തിനു നാലു ചുറ്റുമുള്ള വനം സെക്ഷൻ ഓഫീസുകളുടെയെല്ലാം തലവൻമാരായി വൈഡൂര്യ കൊള്ളക്കാരുടെ കൂട്ടാളികളായ ഉദ്യോഗസ്ഥർ ഒന്നിനു പുറകേ ഒന്നായി എത്തി ചേർന്നു. ഇതോടെ പാലോട് റേഞ്ച് വനം കൊള്ളക്കാരുടെ പിടിയിലാവുകയും ചെയ്തു. ദുർഘടമായ കാലാവസ്ഥയുടെ മറവിൽ വനം ഉദ്യോഗസ്ഥരും, വൈഡൂര്യ കൊള്ളക്കാരും, പ്രാദേശിക രാഷ്ട്രീയ നേതാക്കളും ചേർന്ന് ഗൂഢാലോചന നടത്തി വളരെ ആസൂത്രണത്തോടെയാണ് കോടാനുകോടി രൂപയുടെ വൈഡൂര്യം ഇവിടെ നിന്നും കൊള്ളചെയ്ത് കടത്തിയത്.
ബ്രൈമൂറിൽ നിന്ന് സത്യസന്ധരായ വനം വാച്ചർമാരെയെല്ലാം ബോധപൂർവ്വം മാറ്റി നിർത്തുകയും, കല്ലാർ സെക്ഷനിലെയും പെരിങ്ങമ്മല സെക്ഷനിലെയും ഗാർഡുകളെ മണച്ചാല ക്യാമ്പ് ഷെഡിൽ പോകുന്നത് വിലക്കുകയും, ക്യാമ്പ് ഷെഡ് കൊള്ളക്കാരുടെ താവളമാക്കുകയും ചെയ്തു. തലമുറകൾക്ക് ജീവിക്കാനുള്ളതാണ് കൊള്ളക്കാർ ഓഫർ ചെയ്തത്. ഇതിൽ വീഴാത്തവർ വിരളം. ഉന്നത ഉദ്യോഗസ്ഥർ മുതൽ താഴോട്ടുള്ളവരെയെല്ലാം പണം നൽകി കെട്ടിയ ശേഷമാണ് അത്യാധുനിക സംവിധാനങ്ങളുമായി 20 ദിവസം വന നെറുകയിൽ വൈഡൂര്യ കൊള്ള നടന്നത്. മങ്കയം ഫോറസ്റ്റ് ചെക്ക് പോസ്റ്റ് കടന്നു ഒരാൾ പോകുക അസാദ്ധ്യമാണ്. ഇതിനു പുറമേയാണ് ബ്രൈമൂർ എസ്റ്റേറ്റിലെ ഗേറ്റ് കാവലും. ഇതു രണ്ടും മറികടന്നതിലൂടെ വനം വകുപ്പിൻ്റെ ഔദ്യോഗിക സംവിധാനമാണ് വൈഡൂര്യ കൊള്ളക്കാർ വിനിയോഗിച്ചതെന്ന് വ്യക്തമാണ്.
നീതിമാൻമാരായ ഉന്നത വന ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി വൈഡൂര്യഖനനം നടന്നിട്ടില്ലെന്ന് പത്രവാർത്തകൾ കൊടുക്കുകയും, അതേ സമയം വലിയ അന്വേഷണം നടക്കുന്നതായി നാട്ടുകാരെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നതുമെല്ലാം ഖനനവുമായി ബന്ധപ്പെട്ട ലോബികളെ സഹായിച്ചു കൊണ്ടിരിക്കുന്ന പാലോട് റേഞ്ചിലെ അധികൃതർ തന്നെയാണ്. ഖനനത്തിനെതിരിൽ നടക്കുന്ന ഓരോ ഇലയനക്കവും ഇവർ സമയാസമയം കൊള്ളക്കാരെ അറിയിച്ചു കൊണ്ടുമിരിക്കുന്നു.
ആ ഉദ്യോഗസ്ഥരെ ഒന്നടങ്കം മാറ്റി നിർത്തി അന്വേക്ഷിക്കാതെ, കുറ്റവാളികളെയും കൊള്ളക്കാരെയും തന്നെ അന്വേഷണ ചുമതല ഏൽപ്പിക്കുവാനാണ് ഉന്നത ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്. വൈഡൂര്യ കൊള്ളക്കാർക്ക് ആവശ്യമായ സഹായം ചെയ്ത പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിന്റെയും, മുൻ വനം ജീവനക്കാരുടെയും പങ്കും ജനം തിരിച്ചറിയുന്നു. യഥാർത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടു വന്നില്ലെങ്കിൽ വൻ ജനകീയ പ്രക്ഷോഭവും നിയമപോരാട്ടവും ഉൾപ്പെടെ നടത്തുന്നതിന് പശ്ചിമഘട്ട ജൈവ കലവറ പരിപാലന സമിതി തീരുമാനിച്ചിരിക്കുകയാണ് എന്ന് പശ്ചിമഘട്ട ജൈവ കലവറ പരിപാലന സമിതി ചെയർമാൻ എം.നിസാർ മുഹമ്മദ് സുൾഫി, ജനറൽ കൺവീനർ സലീം പള്ളിവിള എന്നിവർ പറഞ്ഞു .