കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിനെതിരെ പരാതി ലഭിച്ചില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സെല്ലിൽ ടിവി പ്രശാന്തന്റെ പരാതി കിട്ടിയിട്ടില്ലെന്ന് ഓഫീസ് അറിയിച്ചു. വിവരാവകാശ അപേക്ഷയ്ക്ക് നൽകിയ മറുപടിയിലൂടെയാണ് ഓഫീസിന്റെ വിശദീകരണം.
നവീൻ ബാബുവിനെതിരെ അഴിമതി ആരോപിച്ച് ടിവി പ്രശാന്തൻ പരാതി നൽകിയിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നൽകുന്ന വിശദീകരണം. ഇരിക്കൂർ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി എൻ എ ഖാദർ നൽകിയ അപേക്ഷക്കാണ് മറുപടി നൽകിയിരിക്കുന്നത്. മുൻപ് നൽകിയ അപേക്ഷയിൽ കൃത്യമായ കാലയളവ് രേഖപ്പെടുത്തിയിട്ടില്ലാത്ത കാരണം പറഞ്ഞ് നിരസിച്ചിരുന്നു.
പ്രശാന്തൻ്റേത് വ്യാജ പരാതിയാണെന്ന ആരോപണം നേരത്തെ പുറത്ത് വന്നിരുന്നു. നവീൻ ബാബുവിൻ്റെ മരണത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച പരാതിക്കത്തിലെ ഒപ്പിലെ വ്യത്യാസങ്ങളടക്കം ചൂണ്ടിക്കാട്ടിയായിരുന്നു ആരോപണം. എഡിഎമ്മിനെതിരെ പ്രശാന്ത് നൽകിയതെന്ന പേരിൽ പ്രചരിച്ച പരാതി വ്യാജമെന്ന് തെളിയിക്കുന്ന രേഖ പുറത്ത് വന്നതിന് പിന്നാലെ മന്ത്രി കെ.രാജൻ ഉൾപ്പെടെ പ്രതികരിച്ചിരുന്നു.