കിഴക്കമ്പലത്ത് ട്വന്റി-ട്വന്റി മെഡിക്കല്‍ സ്റ്റോര്‍ അടച്ചുപൂട്ടി; നടപടി പെരുമാറ്റ ചട്ടലംഘനത്തെ തുടര്‍ന്ന്

കിഴക്കമ്പലത്ത് ട്വന്റി-ട്വന്റി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ആരംഭിച്ച മെഡിക്കല്‍ സ്റ്റോര്‍ ജില്ലാ കളക്ടര്‍ അടച്ചുപൂട്ടി. കിഴക്കമ്പലം ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റിനോട് ചേര്‍ന്ന് 80 ശതമാനം വിലക്കുറവില്‍ മരുന്നുകള്‍ വില്‍പ്പന നടത്തിയിരുന്ന മെഡിക്കല്‍ സ്റ്റോറാണ് അടച്ചുപൂട്ടിയത്. മെഡിക്കല്‍ സ്റ്റോര്‍ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നതിന് ശേഷം ആരംഭിച്ചതാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് അടച്ചുപൂട്ടിയത്.

കഴിഞ്ഞ 23ന് സാബു എം ജേക്കബാണ് മെഡിക്കല്‍ സ്റ്റോര്‍ ഉദ്ഘാടനം ചെയ്തത്. കിഴക്കമ്പലം സ്വദേശികളായ രണ്ട് പേരുടെ പരാതിയെ തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ വിഷയത്തില്‍ ഇടപെട്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ട്വന്റി-ട്വന്റിയുടെ ചിഹ്നം തന്നെയാണ് മെഡിക്കല്‍ സ്റ്റോറിലും ഭക്ഷ്യസുരക്ഷ മാര്‍ക്കറ്റിലേതെന്നും കണ്ടെത്തി.

ഇത് കൂടാതെ ബില്ലിലും പാര്‍ട്ടി ചിഹ്നം കണ്ടെത്തിയതോടെയാണ് ഇവയെല്ലാം പരസ്പരം ബന്ധമുണ്ടെന്ന് ജില്ലാ കളക്ടര്‍ വിലയിരുത്തിയത്. ഇതേ തുടര്‍ന്നാണ് കിഴക്കമ്പലത്ത് പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറും ഭക്ഷ്യ സുരക്ഷ മാര്‍ക്കറ്റും പൂട്ടാന്‍ കളക്ടര്‍ ഉത്തരവ് നല്‍കിയത്. ഇവയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യാനും ഉത്തരവായിട്ടുണ്ട്.