ഗുരുതരമായ പരിക്കേറ്റതിനെ തുടര്‍ന്ന് കോലഞ്ചേരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രണ്ടര വയസുകാരിയുടെ അമ്മയും അമ്മൂമ്മയും ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇന്ന് പുലര്‍ച്ചെ ആശുപത്രിയില്‍ വെച്ചായിരുന്നു ആത്മഹത്യാ ശ്രമം. അമ്മയും അമ്മൂമ്മയും കൈ ഞരമ്പുകള്‍ മുറിക്കാന്‍ ശ്രമിച്ചുവെന്നാണ് വിവരം. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
അതേ സമയം ആന്റണി ടിജിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മൈസൂരില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പൊലീസ് ഇയാളെ ചോദ്യം ചെയ്യുകയാണ്. കുട്ടിയെ ആരും മര്‍ദ്ദിച്ചതല്ല എന്നാണ് അമ്മയും ബന്ധുക്കളും പറയുന്നത്. സംഭവത്തില്‍ ദുരൂഹത തുടരുന്നതിനാല്‍ അമ്മയുടെ മൊഴി ഇന്ന് വീണ്ടും രേഖപ്പെടുത്തും.
കുട്ടിയുടെ ആരോഗ്യനില പുരോഗമിച്ചതിനെ തുടര്‍ന്ന് ഇന്നലെ കുട്ടിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയിരുന്നു. ദ്രവ രൂപത്തിലുള്ള ഭക്ഷണം കൊടുക്കുകയും ചെയ്തു. പിന്നീട് കുട്ടിക്ക് പ്രശ്‌നങ്ങള്‍ ഒന്നും അനുഭവപ്പെട്ടിട്ടില്ല. ഹൃദയമിടിപ്പ്, രക്തസമ്മര്‍ദ്ദം, ശ്വാസഗതി എന്നിവ സാധാരണ ഗതിയിയിലായി എന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് തൃക്കാക്കര സ്വദേശിനിയുടെ രണ്ടര വയസുകാരിയായ മകളെ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.