തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയില്‍ വ്യാജമദ്യം കഴിച്ച് രണ്ട് പേര്‍ മരിച്ചു. ഇരിങ്ങാലക്കുട ചന്തക്കുന്ന് കണ്ണംമ്പിള്ളി വീട്ടില്‍ നിശാന്ത്(43), പടിയൂര്‍ എടതിരിഞ്ഞി ചെട്ടിയാല്‍ സ്വദേശി അണക്കത്തി പറമ്പില്‍ ബിജു(42) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പത്തുമണിയോടെ ആയിരുന്നു സംഭവം.
ഇരിങ്ങാലക്കുട ചന്തക്കുന്ന് സ്വദേശിയായ നിശാന്ത് ഗോള്‍ഡന്‍ ചിക്കന്‍ സെന്ററിന്റെ ഉടമയാണ്. ഇരിങ്ങാലക്കുട ബിവറേജിനു സമീപം തട്ടുകട നടത്തുന്ന വ്യക്തിയാണ് ബിജു. ഇരുവരും സുഹൃത്തുക്കളാണ്.
രണ്ട് പേരും ഒന്നിച്ച് ബസ് സ്റ്റാന്‍ഡിനു സമീപമുള്ള നിശാന്തിന്റെ കടയില്‍ വച്ച് മദ്യം കഴിച്ചിരുന്നു. അതിന് ശേഷം ബൈക്കില്‍ പോകവെ ആദ്യം നിശാന്ത് കുഴഞ്ഞു വീണു. ഉടന്‍ തന്നെ ഇരുവരെയും ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ നിശാന്ത് മരിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന ബിജുവിനെ വിദഗ്ധ ചികിത്സക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവന്നെങ്കിലും ഇന്ന് രാവിലെ മരിച്ചു.
മദ്യമാണെന്ന് കരുതി ഒരു ദ്രാവകം ഇവര്‍ കഴിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ഇരുവരും കഴിച്ച ദ്രാവകത്തിന്റെ സാമ്പിള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.