സമരകേരളത്തിന്റെ പോരാളി, രാജ്യത്തെ ഏറ്റവും തലമുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് വി എസ് അച്യുതാനന്ദന് ഇന്ന് 101-ാം പിറന്നാൾ. തിരുവനന്തപുരം ബാർട്ടൺ ഹില്ലിൽ മകൻ അരുൺ കുമാറിൻ്റെ വീട്ടിൽ പൂർണവിശ്രമ ജീവിതത്തിലാണ് ഇപ്പോൾ വി.എസ്. വിഎസ് എന്ന രാഷ്ട്രീയ നേതാവിന്റെ ജീവിതത്തിൽ അദ്ദേഹം നടത്തിയ തുറന്ന സമരമുഖങ്ങളും ആശയപോരാട്ടങ്ങളും സാമൂഹ്യ രാഷ്ട്രീയ നിലപാടുകളും പാരിസ്ഥിതിക ഇടപെടലുകളും വേറിട്ട് തന്നെ അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്.
പിറന്നാളുകൾ ആഘോഷിക്കാറില്ലെങ്കിലും ഞായറാഴ്ച്ച ഭാര്യ വസുമതിയുടേയും അരുൺ കുമാറിൻ്റേയും നേതൃത്വത്തിൽ കേക്കുമുറിക്കും. മകൾ ആശയും കുടുംബവുമെത്തും. ഡോക്‌ടർമാർ നിർദേശിച്ചത് അനുസരിച്ച് സന്ദർശക വിലക്കുണ്ട്. ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ഉൾപ്പെടെയുള്ളവർ ആശംസകൾ നേരാൻ വിഎസിൻ്റെ വീട്ടിലെത്തുന്നുണ്ട്.
മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സിപിഎം സംസ്ഥാന സെക്രട്ടറി, പോളിറ്റ്ബ്യൂറോ അംഗം, എൽഡിഎഫ് കൺവീനർ എന്നിങ്ങനെ നിരവധി പദവികളാണ് ഇടതുരാഷ്ട്രീയത്തിൽ വിഎസ് വഹിച്ചത്. നാല് വർഷം മുമ്പുണ്ടായ പക്ഷാഘാതമാണ് വിഎസിനെ വിശ്രമജീവിതം നയിക്കാൻ നിർബന്ധിതനാക്കിയത്. അതേസമയം മുഖ്യമന്ത്രി പിണറായി വിജയൻ വി എസിന് പിറന്നാൾ ആശംസകൾ നേർന്നു.