കോഴിക്കോട് പന്തീരാങ്കാവില്‍ മാവോവാദി ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലനെയും താഹയെയും വീണ്ടും റിമാൻഡ് ചെയ്തു. ഈ മാസം 30 വരെയാണ് അലനെയും താഹയെയും റിമാൻഡ് ചെയ്തത്. പ്രോസിക്യൂഷൻ പൊലീസ് കസ്റ്റഡി ആവശ്യപ്പെടാതിരുന്നതിനെ തുടര്‍ന്നാണ് റിമാൻഡ്.
അതേസമയം യുഎപിഎ കേസിലെ മൂന്നാമന് വേണ്ടിയുള്ള അന്വേഷണവും പൊലീസ് ഊര്‍ജ്ജിതമാക്കി. അലന്‍റെയും താഹയെയും അറസ്റ്റ് ചെയ്യുന്ന സമയത്ത് ഒപ്പമുണ്ടായിരുന്നത് മലപ്പുറം സ്വദേശി ഉസ്മാന്‍ ആണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇരുവരെയും അറസ്റ്റ് ചെയ്യുന്ന സമയത്ത് ഉസ്മാന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. നിരവധി കേസുകളിലെ പ്രതിയാണ് ഉസ്മാനെന്നും പൊലീസ് വ്യക്തമാക്കി. കൂടായെ ഇയാൾക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നും പൊലീസ് പറയുന്നു.
പെരിന്തൽമണ്ണ ഡിവൈഎസ്‍പിക്ക് കീഴിൽ ഉസ്മാനെതിരെ യുഎപിഎ കേസും ഉണ്ട്. ഓടി രക്ഷപ്പെടുന്നതിനിടെ ഉസ്മാന്‍റെ ബാഗ് പൊലീസിന് ലഭിച്ചിരുന്നു. ഈ ബാഗിൽ നിന്നുമാണ് മാവോയിസ്റ്റ് ബന്ധം വ്യക്തമാക്കുന്ന പോസ്റ്ററുകളും ലഘുലേഖകളും ലഭിച്ചത്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് ഉസ്മാനെ തിരിച്ചറിഞ്ഞത്.