മാവോയിസ്റ്റ് ലഘുലേഖകൾ കൈവശം വെച്ചുവെന്ന പേരിൽ സിപിഎം പ്രവർത്തകരായ രണ്ടു യുവാക്കളെ യു എ പി എ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തതിനെതിരെ സിപിഎം ഏരിയാ കമ്മിറ്റി. സംഭവത്തിൽ പൊലീസിനെതിരെ സി പി എം ഏരിയ കമ്മിറ്റി പ്രമേയം പാസാക്കി. കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റിയാണ് പ്രമേയം പാസാക്കിയത്. ജനാധിപത്യ അവകാശങ്ങൾ കവർന്നെടുക്കുന്ന നടപടിയാണ് പൊലീസിന്റേതെന്ന് പാർട്ടി പ്രമേയത്തിൽ പറയുന്നു.
“മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട അലൻ ഷുഹൈബിന്റെയും താഹയുടെയും പേരിൽ യുഎപിഎ ചുമത്തിയ നടപടി പിൻ വലിക്കണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെട്ടു. ലഘു ലേഖയോ നോട്ടീസോ കൈവശം വെക്കുന്നത് യുഎപിഎ ചുമത്തക്ക തക്ക കുറ്റമല്ല. ഇന്നലെ അറസ്റ്റ് ചെയ്യപ്പെട്ട ഉടനെ തന്നെ ധൃതി പിടിച്ച് പൊലീസ് യുഎപിഎ ചുമത്തുകയായിരുന്നു. പൊലിസിന്റെ ഈ നടപടി ജനാധിപത്യ അവകാശങ്ങളെ കവർന്നെടുക്കുന്നതും വിചാരണയും വിവേചനവും ഇല്ലാത്ത തടവ് ശിക്ഷക്ക് വിധേയമാക്കുന്ന യുഎപിഎ നിയമത്തിന്റെ ദുരുപയോഗവും ആണ്. ഈ നടപടി പിൻവലിക്കണം”- സിപിഎം കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റി പ്രമേയത്തിൽ ആവശ്യപ്പെടുന്നു.
കണ്ണൂർ സർവകലാശാലയിലെ സ്‌കൂൾ ഒഫ് ലീഗൽ സ്റ്റഡീസിലെ നിയമ വിദ്യാർഥിയും സിപിഎം തിരുവണ്ണൂർ ബ്രാഞ്ച് കമ്മിറ്റി അംഗവുമായ അലൻ ഷുഹൈബ് (20),കോഴിക്കോട്ട് ജേണലിസം വിദ്യാർഥിയും സിപിഎം പാറമ്മൽ ബ്രാഞ്ച് കമ്മിറ്റി അംഗവുമായ താഹ ഫസൽ (24) എന്നിവരാണ് വെള്ളിയാഴ്ച രാത്രി പന്തീരാങ്കാവിൽ അറസ്റ്റിലായത്. സിനിമാ നടി സജിത മഠത്തിലിന്റെ സഹോദരി സബിത മഠത്തിലിന്റെ മകനാണ് അലൻ ഷുഹൈബ്.
Read more
ഇന്നലെ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രതികളുടെ ജാമ്യാപേക്ഷ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി തിങ്കളാഴ്ച പരിഗണിക്കും.