മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികൾ സിപിഎം പ്രവർത്തകരാണെന്ന് മറച്ചുവച്ച് ദേശാഭിമാനി

പന്തീരങ്കാവിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട യുവാക്കൾ സിപിഎം മുഖപത്രമായ ദേശാഭിമാനിക്ക് വെറും “വിദ്യാർത്ഥികൾ”. മൂര്‍ക്കനാട് സ്വദേശിയും കോഴിക്കോട് പുതിയറയിൽ താമസക്കാരനായ ത്വാഹ ഫൈസൽ, തിരുവണ്ണൂർ സ്വദേശി അലൻ ഷുഹൈബ് എന്നിവര്‍ സിപിഎം പ്രവർത്തകരാണെന്നിരിക്കെ ഇക്കാര്യം മറച്ച് വച്ചാണ് ദേശാഭിമാനി വാർത്ത നൽകിയിട്ടുള്ളത്. ശ്രദ്ധേയമായ കാര്യം അറസ്റ്റിലായ വിദ്യാര്‍ത്ഥികളുടെ ഫോട്ടോയും പത്രത്തിൽ ഒരിടത്തും നൽകിയിട്ടില്ലെന്നതാണ്.

കണ്ണുർ സ്കൂൾ ഓഫ് ജേണലിസത്തിലെ മാധ്യമ വിദ്യാര്‍ത്ഥിയാണ് അറസ്റ്റിലായ ത്വാഹ.കോഴിക്കോട് മീഞ്ചന്ത ബ്രാഞ്ച് അംഗമാണ് കണ്ണൂർ പാലയാട് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ രണ്ടാം വർഷ വിദ്യാര്‍ത്ഥിയായ അലൻ ഷുഹൈബ്. ഇതിൽ അലൻ ഷുഹൈബിന്റെത് പാര്‍ട്ടി കുടുംബമാണ്. പാര്‍ട്ടിയുടെ കോഴിക്കോട് മീഞ്ചന്ത ബ്രാഞ്ച് അംഗമാണ് അലൻ. ത്വാഹ സിപിഎം പാറമേൽ ബ്രാഞ്ച് അംഗമാണ്. എന്നാൽ പാര്‍ട്ടിയുമായി യുവാക്കൾക്കുള്ള ബന്ധം പരാമർശിക്കുന്നില്ല. “മാവോയിസ്റ്റ് ബന്ധം ആരോപിച്ചു രണ്ട് വിദ്യാര്‍ത്ഥികൾ അറസ്റ്റിൽ” എന്ന തലക്കെടോടെയാണ് സിപിഎം മുഖപത്രം വാർത്ത നൽകുന്നത്.

പാർട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ഉൾപ്പെടെ കഠുത്ത വിമർശനം ഉന്നയിക്കുമ്പോഴാണ് ദേശാഭിമാനി പാർട്ടി അംഗങ്ങൾ എന്ന വിഷയം മറച്ചുവയ്ക്കാൻ ശ്രമിക്കുന്നത്. പ്രതിപക്ഷ നേതാവിന്റേതുൾപ്പെടെ പ്രതികരണങ്ങൾ ഉൾപേജുകളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും അവയില്‍ ഒന്നും പാർട്ടിയുമായുള്ള ബന്ധത്തെ കുറിച്ച് ഒന്നും പറയുന്നില്ല. മുഖ പത്രത്തിന് പുറമെ പൊലീസ് നടപടിയെ വിമർശിച്ച് ഫേസ്ബുക്കിൽ പ്രതികരിച്ച എം എ ബേബി, എംഎം ലോറൻസ് എന്നിവരും വിദ്യാർത്ഥികളുടെ പാര്‍ട്ടി ബന്ധം പരാമർശിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്.

എന്നാൽ, സിപിഎമ്മിന്റെ ഉന്നത നേതൃത്വം വിഷയത്തിൽ സുരക്ഷിത അകലം പാലിച്ച് പ്രതികരിക്കുമ്പോൾ അറസ്റ്റിലായ പ്രവർത്തകര്‍ക്കായി പരസ്യമായി തന്നെ രംഗത്ത് എത്തുകയാണ് കോഴിക്കോട്ടെ പ്രാദേശിക നേതൃത്വം. യുഎപിഎ നിയമപ്രകാരം അറസ്റ്റിലായ വിദ്യാർത്ഥികൾക്ക് നിയമ സഹായം നൽകുമെന്നാണ് പാര്‍ട്ടി പന്നിയങ്കര ലോക്കൽ കമ്മിറ്റിയുടെ നിലപാട്. വിദ്യാർത്ഥികളായ രണ്ട് സിപിഎം പ്രവർത്തകർക്കെതിരെ യുഎപിഎ ചുമത്തിയ സംഭവത്തിൽ പോലീസിനെതിരെ പ്രമേയം പാസാക്കാൻ കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റിയും തയ്യാറായി.

പോലീസിന്റെ നടപടി ജനാധിപത്യ അവകാശങ്ങള്‍ കവർന്നെടുക്കുന്നതാണെന്നായിരുന്നു കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റി പാസാക്കിയ പ്രമേയത്തിലെ പ്രധാന ആരോപണം. യുവാക്കൾക്കെതിരെ യുഎപിഎ ചുമത്തിയത് ധൃതി പിടിച്ചാണ്. ലഘുലേഖയോ, നോട്ടീസോ കൈവശം വച്ചാൽ യുഎപിഎ ചുമത്താനാവില്ലെന്നും പ്രമേയം വ്യക്തമാക്കിയിരുന്നു. പോലീസിന്റെ നടപടിയിൽ പാർട്ടിക്കുള്ളിൽ തന്നെ അമർഷം ശക്തമാകുന്നു എന്നതിന്റെ സൂചന കൂടിയാണ് പ്രമേയമെന്നാണ് വിലയിരുത്തൽ.