അലനേയും താഹയേയും ജയിലിൽ നിന്ന് മാറ്റേണ്ട സാഹചര്യമില്ല; ജയിൽ സൂപ്രണ്ടിന്‍റെ ആവശ്യം തള്ളി ഋഷിരാജ് സിംഗ്

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റിലായ അലൻ ഷുഹൈബിനേയും താഹ ഫസലിനേയും കോഴിക്കോട് ജില്ലാ ജയിലിൽ നിന്ന് മാറ്റേണ്ട സാഹചര്യം നിലവിലില്ലെന്ന് ജയിൽ വകുപ്പ്. സുരക്ഷ കണക്കിലെടുത്ത് ഇരുവരേയും വിയ്യൂരിലെ അതീവ സുരക്ഷ ജയിലേക്ക്  മാറ്റണമെന്നായിരുന്നു ജയിൽ സൂപ്രണ്ടിന്‍റെ ആവശ്യം. എന്നാൽ നിലവിൽ സുരക്ഷാ പ്രശ്നങ്ങളില്ലെന്ന് വിലയിരുത്തിയാണ് ജയിൽ ഡിജിപി ഋഷിരാജ് സിംഗ് ഈ ആവശ്യം തള്ളിയത്.

അലൻ ഷുഹൈബിനേയും താഹ ഫസലിനേയും കോഴിക്കോട് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ജയിൽ സൂപ്രണ്ട് ജയിൽ വകുപ്പിന് കത്ത് നൽകിയിരുന്നത്. ഇതാണ് ഡിജിപി ഋഷിരാജ് സിംഗ് തള്ളിയത്. കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്‍റെ അപേക്ഷയിൽ വിധി വന്ന ശേഷം ബാക്കി തീരുമാനങ്ങൾ എടുക്കാമെന്നും ജയിൽ വകുപ്പ് നിലപാടെടുത്തു. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടാകുന്ന ഘട്ടം ഉണ്ടായാൽ ബാക്കി കാര്യം അപ്പോൾ പരിഗണിക്കാമെന്ന് വാക്കാൽ ഉറപ്പും കോഴിക്കോട് ജയിൽ സൂപ്രണ്ടിന് ജയിൽ വകുപ്പ് മേധാവി നൽകിയിട്ടുണ്ട്.

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടാണ് പൊലീസ് കസ്റ്റഡി അപേക്ഷ നൽകിയിട്ടുള്ളത് .

അതേസമയം ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് അലന്‍റേയും താഹയുടേയും കുടുംബം. ഇതിനുള്ള നീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. തിങ്കളാഴ്ചക്കകം ഹൈക്കോടതിയിൽ അപ്പീൽ നൽകാനാണ് തീരുമാനമെന്നാണ് സൂചന. ഇരുവരുടേയും കുടുംബാംഗങ്ങൾ മുതിര്‍ന്ന അഭിഭാഷകരുമായി ചര്‍ച്ച നടത്തിയതായും വിവരമുണ്ട്.

അതേസമയം മഞ്ചിക്കണ്ടി വനമേഖലയിൽ നിന്ന് കണ്ടെടുത്ത ലഘുലേഖയും അലന്‍റെയും താഹയുടേയും വീട്ടിൽ നിന്ന് കണ്ടെടുത്ത ലഘുലേഖകളും തമ്മിൽ സാമ്യമുള്ളത് ഗൗരവമുള്ള സംഗതിയാണെന്നാണ് അന്വേഷണസംഘം പറയുന്നത്. അതുകൊണ്ട് തന്നെ അറസ്റ്റിലായവരെ കൊണ്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്താനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം.