നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേരിട്ട തോൽവി വിലയിരുത്താൻ വിശദമായ യോഗം ചേരുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസ്സൻ. നിയമസഭാ സമ്മേളനം കഴിഞ്ഞ ശേഷം ഒരു ദിവസം യോഗം ചേരുമെന്ന് ഹസ്സൻ അറിയിച്ചു. തിരുവനന്തപുരത്ത് ഇന്നു ചേര്‍ന്ന യു.ഡി.എഫ് നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു എം.എം ഹസ്സൻ.
ഓരോ കക്ഷികളും പരാജയ കാരണം വെവ്വേറെ വിലയിരുത്തും. വോട്ട് ശതമാനം വെച്ച് നോക്കുമ്പോൾ യു.ഡി.എഫിന് സംഭവിച്ചത് ദയനീയ പരാജയമല്ലെന്ന് ഹസൻ പറഞ്ഞു. 2016ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നോക്കുമ്പോൾ 3 ലക്ഷം വോട്ട് കൂടിയെന്നും 34 മണ്ഡലങ്ങളിൽ പതിനായിരത്തിന് താഴെ വോട്ടിനാണ് തോറ്റതെന്നും ഹസ്സൻ ചൂണ്ടിക്കാട്ടി.
ദുരിതകാലത്ത് എൽ.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ക്ഷേമപദ്ധതികള്‍ ജനങ്ങൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തി. എൽ.ഡി.എഫ് സര്‍ക്കാരിന് എതിരായ അഴിമതി ആരോപണങ്ങള്‍ ജനങ്ങൾ വേണ്ട ഗൗരവത്തില്‍ പരിഗണിച്ചില്ല.
പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല മികവുറ്റ പ്രകടനമാണ് കാഴ്ചവെച്ചതെന്നും യോഗം വിലയിരുത്തി. യു.ഡി.എഫ് ചെയർമാനായി പ്രതിപക്ഷ നേതാവ് വി ഡി സതീശനെ തീരുമാനിച്ചതായും ഹസ്സൻ പ്രഖ്യാപിച്ചു.