യുഡിഎഫ് മത തീവ്രവാദികളുടെ കയ്യിൽ; മുസ്ലിംലീഗിനെ എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും റാഞ്ചി: എ കെ ബാലൻ

യുഡിഎഫ് മത തീവ്രവാദികളുടെ കയ്യിലാണെന്ന് വിമർശിച്ച് സിപിഎം നേതാവ് എ.കെ ബാലൻ. ആർഎസ്എസുമായി യുഡിഎഫ് ചങ്ങാത്തം ഉണ്ടാക്കി. ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടിങ്ങിലും പ്രചരണത്തിലും പലവിധത്തിൽ ആർഎസ്എസുമായി കോൺഗ്രസ് കൂട്ടുകൂടി. അതേസമയം മുസ്ലിംലീഗിനെ എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും റാഞ്ചിയെന്നും എ.കെ ബാലൻ പറഞ്ഞു.

തൃശ്ശൂരിൽ കുറെ കോൺഗ്രസുകാർ സുരേഷ് ഗോപിക്ക് വോട്ടുചെയ്തു. ഇതിനു പകരം പാലക്കാട് ബിജെപി വോട്ടുകൾ കോൺഗ്രസിന് നൽകിയെന്നും എ കെ ബാലൻ ആരോപിച്ചു. ഇക്കാര്യം ബിജെപി പ്രവർത്തകർ തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്ത് കളി കളിച്ചാലും എൽഡിഎഫ് മിന്നുന്ന ജയം നേടുമെന്നും എ കെ ബാലൻ പറഞ്ഞു.

Read more

അതേസമയം ഷോൺ ജോർജിൻ്റെ എക്‌സാലോജിക് ആരോപണം ശുദ്ധ അസംബന്ധമാണെന്നും ഷോൺ ജോർജ് പി സി ജോർജിൻ്റെ പാരമ്പര്യം കാത്തുസൂക്ഷിക്കണമെന്നും എ.കെ ബാലൻ പറഞ്ഞു. ഉമ്മൻചാണ്ടിക്കെതിരായ സോളാർ പരാമർശത്തിൽ പിസി ജോർജ് മാപ്പ് പറഞ്ഞിരുന്നു. പിസി ജോർജിൻ്റെ മകൻ ആരോപണങ്ങൾ പിൻവലിച്ചു മാപ്പ് പറയണമെന്നും ഷോൺ ജോർജിന് മാപ്പു പറയേണ്ടി വരുമെന്നും എ കെ ബാലൻ കൂട്ടിച്ചേർത്തു.