കേന്ദ്രധനമന്ത്രി നിർമല സീതാരാമനെ കണ്ട് കേരളത്തിലെ യുഡിഎഫ് എംപിമാർ. ആശാവർക്കർമാരുടെ പ്രതിസന്ധി കേന്ദ്ര ധനമന്ത്രിയെ അറിയിച്ചു. വിഷയത്തിൽ ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി ചർച്ച നടത്താമെന്ന് കേന്ദ്രമന്ത്രി അറിയിച്ചതായി എംപിമാർ അറിയിച്ചു. അതേസമയം കേന്ദ്ര ധനമന്ത്രിയെ മുഖ്യമന്ത്രി ആശാവർക്കർമാരുടെ പ്രശ്‌നം അറിയിച്ചിരുന്നില്ലെന്നും എംപിമാർ പറഞ്ഞു.
അതേസമയം നേരത്തെ കേന്ദ്രധനമന്ത്രിയും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തിയിരുന്നു. ഡല്‍ഹി കേരള ഹൗസില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി കെവി തോമസ് എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. രാവിലെ 9ന് ആയിരുന്നു കേരള ഹൗസില്‍ കൂടിക്കാഴ്ച.
കേന്ദ്ര മന്ത്രിയുടേത് അനൗദ്യോഗിക സന്ദര്‍ശനമായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ച്ച രാവിലെ കേരള ഹൗസില്‍ എത്തിയ കേന്ദ്രമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയനും കെവി തോമസും ചേര്‍ന്ന് സ്വീകരിക്കുകയായിരുന്നു. കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പ്രഭാത ഭക്ഷണവും കഴിച്ചാണ് കേന്ദ്ര മന്ത്രി മടങ്ങിയത്.