ബിജെപി- ജെഡിഎസ് സഖ്യ പിന്തുണ: മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്ന് ശശി തരൂർ; എച്ച്ഡി ദേവ ഗൗഡയുടെ പ്രസ്താവന ആയുധമാക്കി കോൺഗ്രസ്

കർണാടകത്തിൽ എൻഡിഎ പ്രവേശനത്തിന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പൂർണ്ണ സമ്മതം നൽകിയെന്ന ജെഡിഎസ് തലവൻ എച്ച്ഡി ദേവ ഗൗഡയുടെ പ്രസ്താവന ആയുധമാക്കി യുഡിഎഫ്. ദേവഗൗഡയുടെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് ശശി തരൂർ എംപി ആവശ്യപ്പെട്ടു.

ദേവഗൗഡ പറയുന്നതാണോ അല്ല സംസ്ഥാനത്തെ ജെഡിഎസ് നേതാക്കൾ പറയുന്നതാണോ സത്യമെന്ന് അറിയില്ലെന്നും ഇത്തരം കാര്യങ്ങൾ കേൾക്കുമ്പോൾ രാഷ്ട്രീയ മര്യാദ സംബന്ധിച്ച് ആളുകൾക്ക് സംശയമുണ്ടാകും. അതിനാൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് ശശി തരൂർ എംപി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ ബിജെപി ഭയപ്പെടുത്തി നിർത്തിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും കുറ്റപ്പെടുത്തി.

ദേവഗൗഡയുടേത് ഗുരുതരമായ വെളിപ്പെടുത്തലാണെന്നും പ്രതിപക്ഷം നേരത്തെ ആരോപിച്ച കാര്യങ്ങളാണ് പുറത്ത് വന്നതെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി. സ്വർണക്കടത്ത്, ലൈഫ് മിഷൻ അഴിമതി കേസുകളിൽ അന്വേഷണം അവസാനിച്ചത് ബിജെപി ബന്ധത്തെ തുടർന്നാണ്. ഇന്ത്യ മുന്നണിയിൽ സിപിഎം പ്രതിനിധിയെ അയക്കാതിരിക്കാൻ കേരളാ സിപിഎം ശ്രമിച്ചു. ഇപ്പോൾ കരുവന്നൂർ കേസ് ഒത്തുതീർക്കാനാണ് ശ്രമം. ഇതിനായുള്ള ചർച്ചകൾ തുടങ്ങിയതായി വിവരമുണ്ടെന്നും വിടി സതീശൻ ആരോപിച്ചു.

സിപിഎമ്മിന്റെ പൊയ്‌മുഖം അഴിഞ്ഞുവീണെന്ന് എംകെ മുനീർ പറഞ്ഞു. ബിജെപി- സിപിഎം ബാന്ധവം പുറത്ത് വന്നെന്ന് കുറ്റപ്പെടുത്തിയ എംകെ മുനീർ, ഈ ബന്ധം മറച്ചു വയ്ക്കാനാണ് കോൺഗ്രസിനെതിരെ സിപിഎം- ബിജെപി ബന്ധം ആരോപിക്കുന്നതെന്നും വിമർശിച്ചു.

കര്‍ണാടകത്തില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതില്‍ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ ലഭിച്ചുവെന്നാണ് ജെഡിഎസ് ദേശീയ അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്ഡി ദേവഗൗഡ വെളിപ്പെടുത്തിയത്. പാര്‍ട്ടി കേരള ഘടകവും ബിജെപിയുമായുള്ള സഖ്യനീക്കത്തെ പിന്തുണച്ചതായി എച്ച്ഡി ദേവഗൗഡ അറിയിച്ചതോടെ പരുങ്ങലിലായ ജെഡിഎസ് കേരള ഘടകം ദേശീയ അധ്യക്ഷനെതിരെ രംഗത്തുവന്നു.

Read more

ജെഡിഎസ്– എന്‍ഡിഎ സഖ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പൂര്‍ണ സമ്മതം നല്‍കിയെന്ന എച്ച്ഡി ദേവ ഗൗഡയുടെ വാദം തള്ളി രംഗത്തെത്തിയത് സംസ്ഥാനത്തെ ഇടതു സര്‍ക്കാരിലെ ജെഡിഎസ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയാണ്. തുടർന്ന് ദേശീയ അധ്യക്ഷനെ തള്ളി മാത്യു ടി തോമസും രംഗത്ത് വന്നിരുന്നു.