അപരന്മാരുടെ ഒപ്പിലും വ്യാജന്‍, പരാതിയുമായി യുഡിഎഫ്; പിന്തുണച്ചവരെ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ച് കളക്ടര്‍

ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തതോടെ അപരന്മാരെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് എല്‍ഡിഎഫ്-യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍. വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ശൈലജയ്‌ക്കെതിരെ മൂന്ന് അപര സ്ഥാനാര്‍ത്ഥികളാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെതിരെ ഒരു അപരനും രംഗത്തുണ്ട്.

കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ഫ്രാന്‍സിസ് ജോര്‍ജ്ജ് ആണ് ഇക്കുറി അപരന്മാരുടെ കെണിയില്‍ അകപ്പെട്ട സംസ്ഥാനത്തെ മറ്റൊരു സ്ഥാനാര്‍ത്ഥി. ഇതുവരെ ഫ്രാന്‍സിസ് ജോര്‍ജ്ജിനെതിരെ മണ്ഡലത്തില്‍ പത്രിക സമര്‍പ്പിച്ചത് രണ്ട് ഫ്രാന്‍സിസ് ജോര്‍ജ്ജുമാരാണ്. ഫ്രാന്‍സിസ് ജോര്‍ജ്ജും ഫ്രാന്‍സിസ് ഇ ജോര്‍ജ്ജുമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ അപരന്മാര്‍.

സംഭവത്തിന് പിന്നാലെ അപരന്മാര്‍ക്കെതിരെ യുഡിഎഫ് പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്. അപരന്മാരുടെ പത്രിക തള്ളണമെന്നാണ് യുഡിഎഫിന്റെ ആവശ്യം. അപരന്മാരുടെ പത്രികയില്‍ പിന്താങ്ങിയവരുടെ ഒപ്പ് വ്യാജമായി ഇട്ടതാണെന്നാണ് യുഡിഎഫ് ആരോപണം. പത്രിക പൂര്‍ണമായും പൂരിപ്പിച്ചിട്ടില്ലെന്നും യുഡിഎഫ് പരാതിയില്‍ പറയുന്നു.

Read more

ഫ്രാന്‍സിസ് ജോര്‍ജ്ജുമാരുടെ പിന്നില്‍ എല്‍ഡിഎഫ് ആണെന്നാണ് യുഡിഎഫിന്റെ ആരോപണം. യുഡിഎഫിന്റെ പരാതിയെ തുടര്‍ന്ന് പത്രികയില്‍ ഒപ്പിട്ടവരെ നേരിട്ട് ഹാജരാക്കാന്‍ അപരന്മാര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.