ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം മണിക്കൂറുകള്‍ക്കുള്ളില്‍ ആരംഭിക്കും. പതിനഞ്ചാം നിയമസഭയുടെ എട്ടാം സമ്മേളനമാണ് ഇന്നു ആരംഭിക്കുന്നത്. റിപ്പബ്ലിക് ദിനം മുതല്‍ 31 വരെ ഇടവേളയാണ്. ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളില്‍ ഗവര്‍ണറുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയചര്‍ച്ച. മൂന്നിനാണ് ബജറ്റ് അവതരണം.
കഴിഞ്ഞ ദിവസം, നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഗവര്‍ണര്‍ അംഗീകാരം നല്‍കിയിരുന്നു. കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങള്‍ പ്രസംഗത്തിലുണ്ടെങ്കിലും പരമാവധി മയപ്പെടുത്തിയാണ് അവയെല്ലാം ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സര്‍ക്കാര്‍ ഗവര്‍ണര്‍ തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ നയപ്രഖ്യാപനം ഒഴിവാക്കുന്നത് സര്‍ക്കാര്‍ പരിഗണിച്ചിരുന്നു. എന്നാല്‍ ഗവര്‍ണര്‍ കരട് അംഗീകരിച്ചതിലൂടെ ആ നീക്കങ്ങള്‍ക്ക് പ്രസക്തിയില്ലാതെയായി. ഗവര്‍ണറുമായുള്ള പോര് കനത്തതോടുകൂടിയാണ് കഴിഞ്ഞ ഡിസംബറില്‍ അവസാനിച്ച നിയമസഭാ സമ്മേളങ്ങള്‍ക്ക് തുടര്‍ച്ചായി ഈ ജനുവരിയിലെ സമ്മേളനം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
സജി ചെറിയാന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനുള്ള തീരുമനത്തിന് ഗവര്‍ണര്‍ അംഗീകാരം നല്‍കിയത് മുതല്‍ പ്രതിസന്ധി അയയുന്നത് വ്യക്തമായിരുന്നു. തുടര്‍ന്ന്, കുറച്ചു കാലത്തേക്ക് പ്രസ്താവനകളുമായി ഇരുപക്ഷവും രംഗത്ത് വന്നിരുന്നില്ല. ഭരണഘടനാപരമായ ചുമതലകള്‍ നിര്‍വഹിക്കുമെന്ന ഗവര്‍ണരുടെ നിലപാടും സര്‍ക്കാര്‍- ഗവര്‍ണര്‍ ഭിന്നത കുറച്ചു. എന്നാല്‍, ഇന്നലെ രാജ്ഭവന്‍ നടത്തിയ നീക്കം സര്‍ക്കാരി വീണ്ടും പ്രതിസന്ധിയിലാക്കും.
മൂന്നു സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനങ്ങളുമായി ബന്ധപ്പെട്ടു പുതിയ പോര്‍മുഖം തുറന്നിട്ടിട്ടാണ് അദേഹം സഭയില്‍ എത്തുന്നത്. മലയാളം, കുസാറ്റ്, എംജി സര്‍വകലാശാലകളില്‍ വിസി നിയമനത്തിന് സേര്‍ച് കമ്മിറ്റി രൂപീകരിക്കാനായി യുജിസി പ്രതിനിധിയെ അനുവദിക്കാന്‍ ഗവര്‍ണര്‍ നടത്തിയ നീക്കമാണ് പുതിയ പ്രതിസന്ധി സൃഷ്ടിക്കുന്നത്. കര്‍ണാടക സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി വിസി പ്രഫ. ബട്ടു സത്യനാരായണ (മലയാളം), മിസോറം സര്‍വകലാശാല മുന്‍ വിസി പ്രഫ. കെ.ആര്‍.എസ്. സാംബശിവ റാവു (എംജി), ഹൈദരാബാദ് ഇംഗ്ലിഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റി വിസി പ്രഫ. ഇ.സുരേഷ്‌കുമാര്‍ (കുസാറ്റ്) എന്നിവരാണ് യുജിസി പ്രതിനിധികള്‍.
പതിനഞ്ചാം നിയമസഭയുടെ എട്ടാം സമ്മേളത്തില്‍ ഫെബ്രുവരി 6 മുതല്‍ 8 വരെ ബജറ്റിന്മേലുള്ള പൊതുചര്‍ച്ച. 13 മുതല്‍ രണ്ടാഴ്ച സബ്ജക്ട് കമ്മിറ്റികള്‍ ധനാഭ്യര്‍ഥനകളുടെ സൂക്ഷ്മപരിശോധന നടത്തും. 2023-24 സാമ്പത്തിക വര്‍ഷത്തെ ധനാഭ്യര്‍ഥനകള്‍ ചര്‍ച്ച ചെയ്ത് പാസാക്കാന്‍ ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 22 വരെ കാലയളവില്‍ 13 ദിവസം നീക്കിവച്ചിട്ടുണ്ട്.
ഈ സാമ്പത്തികവര്‍ഷത്തെ അന്തിമ ഉപധനാഭ്യര്‍ഥനകളെയും ബജറ്റിനെയും സംബന്ധിക്കുന്ന രണ്ട് ധനവിനിയോഗ ബില്ലുകള്‍ ഈ സമ്മേളനത്തില്‍ പാസാക്കും. സര്‍ക്കാര്‍ കാര്യങ്ങള്‍ക്കായി നീക്കിവച്ച ദിവസങ്ങളിലെ ബിസിനസ് സംബന്ധിച്ച് കാര്യോപദേശക സമിതി ചേര്‍ന്ന് പിന്നീട് തീരുമാനിക്കുമെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍ പറഞ്ഞു. നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങള്‍ക്ക് ഉത്തരം നിശ്ചിത സമയത്തിനകം നല്‍കണമെന്ന കാര്യം മന്ത്രിമാരുടെ ശ്രദ്ധയില്‍പെടുത്തുമെന്നും ഷംസീര്‍ വ്യക്തമാക്കി.