കൊച്ചി കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഉമാ തോമസ് എംഎല്‍എയുടെ കാര്യത്തില്‍ ഭയപ്പെടുത്തുന്ന ഒരു സാഹചര്യവും നിലവില്‍ ഇല്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ഉമാ തോമസ് ചികിത്സയില്‍ ഇരിക്കുന്ന ആശുപത്രി സന്ദര്‍ശിച്ച് ശേഷമാണ് രാഹുലിന്റെ പ്രതികരണം. മരുന്നുകളോടും ചികിത്സയോടും ശരീരം നന്നായി തന്നെ പ്രതികരിക്കുന്നുണ്ടെന്ന് രാഹുല്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം…
ഉമ ചേച്ചിയുടെ വിവരങ്ങള്‍ അറിയാന്‍ ആശുപത്രിയില്‍ പോയിരുന്നു. ഇന്‍ഫെക്ഷന്‍ സാധ്യത കണക്കിലെടുത്ത് ചേച്ചിയെ ആരും നേരില്‍ കാണേണ്ട എന്നാണ് മെഡിക്കല്‍ നിര്‍ദേശം. ഇനിയും പോകുന്നവരും അതിനോട് പരിപൂര്‍ണ്ണമായി സഹകരിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഏറ്റവും മികച്ച ചികിത്സയാണു ലഭ്യമാക്കുന്നത്. വിഷ്ണുവും വിവേകും അടക്കമുള്ള കുടുംബവും പാര്‍ട്ടിയും ഒപ്പമുണ്ട്. തലച്ചോറിന്റെയും ശ്വാസകോശത്തിന്റെയും പ്രശ്‌നങ്ങളാണ് പ്രധാനമായും ശ്രദ്ധിക്കുന്നത്. ശസ്ത്രക്രീയ ഇല്ലതെയുള്ള ചികിത്സയാണു നടക്കുന്നത്. മരുന്നുകളോടും ചികിത്സയോടും ശരീരം നന്നായി തന്നെ പ്രതികരിക്കുന്നുണ്ട്. നമ്മളെ ഭയപ്പെടുത്തുന്ന ഒരു സാഹചര്യവും നിലവില്‍ ഇല്ല. നമ്മുടെ ഉമേച്ചി ചിരിക്കുന്ന മുഖത്തോടെ, നമ്മുക്ക് വാത്സല്യം പകരുവാന്‍ എത്രയും വേഗം മടങ്ങി വരും.
ഞായറാഴ്ച വൈകിട്ടാണ് കൊച്ചി കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ചുണ്ടായ അപകടത്തില്‍ ഉമാ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്കേറ്റത്. തലയ്ക്കും ശ്വാസകോശത്തിനും അടക്കം പരിക്കേറ്റിരുന്നു. നിലവില്‍ റിനൈ മെഡിസിറ്റി ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലാണ് ഉമാ തോമസ് എംഎല്‍എ. തലയ്ക്ക് ഗുരുതര പരിക്കുണ്ടെങ്കിലും അടിയന്തര ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്നാണ് മെഡിക്കല്‍ ബുള്ളറ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്.