നടൻ വിനായകനും സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി തൃക്കാക്കര എംഎൽഎ ഉമാ തോമസ്. മദ്യ ലഹരിയിൽ പൊലീസ് സ്റ്റേഷനിൽ എത്തി എസ്എച്ച്ഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ ചീത്ത വിളിച്ചിട്ടും മോശമായി പെരുമാറിയിട്ടും ദുർബലമായ വകുപ്പുകൾ ചുമത്തി വിനായകനെ ജാമ്യത്തിൽ വിട്ടത്തിനെതിരെയാണ് ഉമാ തോമസ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്.
‘എറണാകുളം നോർത്ത് സ്റ്റേഷനിൽ ഡ്യുട്ടിയിൽ ഉണ്ടായിരുന്ന എസ്എച്ച്ഒ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരെ ലഹരിയ്ക്ക് അടിമയായ വിനായകൻ ചീത്ത വിളിച്ച് നടത്തിയ പേക്കൂത്തുകൾ മാധ്യമങ്ങളിലൂടെ നമ്മൾ എല്ലാവരും കണ്ടുകൊണ്ടിരിയ്ക്കുകയാണ്.. ഇത്രയും മോശമായി സ്റ്റേഷനിൽ വന്ന് പെരുമാറിയിട്ടും, ഉദ്യോഗസ്ഥരുടെ ഡ്യുട്ടി തടസ്സപ്പെടുത്തുകയും ചെയ്തിട്ടും ദുർബലമായ വകുപ്പുകൾ ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ പറഞ്ഞ് വിട്ടത് ‘സഖാവായതിന്റെ പ്രിവിലേജാണോ’, അതോ ക്ലിഫ് ഹൗസിൽ നിന്ന് ലഭിച്ച നിർദേശത്തെ തുടർന്നാണോ എന്ന് അറിയാൻ താല്പര്യമുണ്ട്..’- എന്നാണ് ഉമാ തോമസ് കുറിച്ചത്.
സംഭവം അന്തസായി പണിയെടുക്കുന്ന ഒരു വിഭാഗം പൊലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്നത് കൂടിയാണ് എന്ന് പറയാതെ വയ്യ എന്നും ഉമാ തോമസ് പോസ്റ്റിൽ പറയുന്നു. ഇന്നലെ രാത്രിയാണ് എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കിയ കേസിൽ വിനായകനെ അറസ്റ്റ് ചെയ്തത്.
വിനായകന്‍ മദ്യ ലഹരിയില്‍ ആയിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ അസഭ്യ വര്‍ഷം നടത്തിയതായും പൊലീസ് പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിനായകനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്‌ക്കെത്തിച്ചു. എന്നാൽ പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.