എറണാകുളം കലൂര്‍ സ്റ്റേഡിയത്തില്‍ നൃത്ത പരിപാടിക്കിടെ താൽകാലിക സ്റ്റേജിൽ നിന്നും വീണ് ഉമ തോമസ് എംഎല്‍എക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ മൃദംഗവിഷന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് പൊലീസ്. കേസിൽ പൊലീസ് ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. അതേസമയം ജിസിഡിഎക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു.
അപകടവുമായി ബന്ധപ്പെട്ട സംഭവത്തില്‍ വേദി ഒരുക്കിയ മൃദംഗവിഷന് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് പൊലീസ് റിപ്പോർട്ട്. ജിസിഡിഎക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു. ഇതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം പൂര്‍ത്തിയായതായും ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം കേസില്‍ നടി ദിവ്യ ഉണ്ണിയുടെ മൊഴി എടുക്കാനുണ്ട്. ദിവ്യ ഉണ്ണിയുടെ മൊഴി ഉടന്‍ രേഖപ്പെടുത്തുമെന്നാണ് പൊലീസ് അറിയിച്ചിട്ടുള്ളത്.
ഇക്കഴിഞ്ഞ 2024 ഡിസംബര്‍ 29നാണ് ദിവ്യ ഉണ്ണിയുടെ ഗിന്നസ് റെക്കോർഡ് പരിപാടിയുമായി ബന്ധപ്പെട്ട് ഉമ തോമസ് അപകടത്തില്‍പെട്ടത്. 45 ദിവസമാണ് അപകടത്തില്‍ പരുക്കേറ്റ് ഉമ തോമസ് ആശുപത്രിയില്‍ കിടന്നത്. നൃത്തപരിപാടിയുടെ സംഘടിപ്പിച്ച മൃദംഗവിഷന്‍ അധികൃതരാണ് കേസിലെ പ്രതികള്‍. മതിയായ സുരക്ഷ ഒരുക്കാത്തെ സ്റ്റേജ് നിര്‍മിച്ചതിനാണ് കേസ് എടുത്തത്. സ്റ്റേജ് നിര്‍മാണവുമായി ബന്ധപ്പെട്ട് പാലിക്കേണ്ട ഒരു ചട്ടവും മൃദംഗവിഷന്‍ പാലിച്ചിരുന്നില്ലെന്നായിരുന്നു കണ്ടെത്തല്‍.
കേസില്‍ 250 ഓളം പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് മൃദംഗ വിഷന്റെ ഡയറക്ടര്‍ അടക്കമുള്ള നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. രണ്ട് കേസുകളാണ് കലൂരിലെ ഈ നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട് എടുത്തിരുന്നത്. ഒന്ന് ഉമ തോമസിനുണ്ടായ അപകടവുമായി ബന്ധപ്പെട്ടുള്ളതാണ്. മറ്റൊന്ന് മൃദംഗ വിഷന്റെ സാമ്പത്തിക ഇടപാട് സംബന്ധിച്ചുള്ളതാണ്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുള്ള കേസിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്.