കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ സ്‌റ്റേജില്‍ നിന്നും ഉമ തോമസ് എംഎല്‍എക്ക് വീണ് ഗുരുതര ഗുരുതര പരിക്ക് പറ്റിയശേഷവും നൃത്തപരിപാടി തുടര്‍ന്നത് വിവാദത്തില്‍. സംഭവത്തിന് ദൃക്‌സാക്ഷികളായിരുന്നിട്ടും സംഘാടകര്‍ വേദിയില്‍ അപകടത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ല. ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് 12,000 നര്‍ത്തകരെ അണിനിരത്തിയുള്ള ഭരതനാട്യം പരിപാടി നടക്കുന്നതിനിടെയാണ് എംഎല്‍എ വീണത്. ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ സംഘാടകര്‍ ഉള്‍പ്പെടെയുള്ളവര്‍ നേതൃത്വം നല്‍കി.
ആയിരക്കണക്കിന് ആളുകളുടെ അധ്വാനമാണ് പരിപാടിയെന്നതിനാല്‍ അത് തുടരുന്നതിനെ വിമര്‍ശിക്കുന്നില്ലെങ്കിലും ആഘോഷങ്ങള്‍ക്ക് കുറവ് വരുത്താമായിരുന്നുവെന്നാണ് വിമര്‍ശനം. ഡാന്‍സ് പരിപാടി അവസാനിച്ചതിന് ശേഷം ആഘോഷപൂര്‍വം സമ്മാനങ്ങള്‍ കൈമാറിയതും വിവാദത്തിലായിട്ടുണ്ട്.
ഉമാ തോമസ് എംഎല്‍എയുടെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നുള്ള പ്രത്യേക മെഡിക്കല്‍ സംഘം സംഘം എറണാകുളത്ത് എത്തിയിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ടും ഹൃദ്രോഗ വിദഗ്ധനുമായ ഡോ.ടി.കെ.ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ഡപ്യൂട്ടി സൂപ്രണ്ടും അനസ്‌തേഷ്യ ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ സ്‌പെഷലിസ്റ്റുമായ ഡോ.ആര്‍.രതീഷ് കുമാര്‍, ഡോ.ഫിലിപ് ഐസക്, ഡോ.പി.ജി.അനീഷ് എന്നിവരാണുള്ളത്.
മന്ത്രി വീണാ ജോര്‍ജിന്റെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്ന് ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷനാണ് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരെ നിയോഗിച്ചത്. ഉമാ തോമസിന്റെ ആരോഗ്യനില വിലയിരുത്താന്‍ ആരോഗ്യവകുപ്പ് പ്രത്യേക മെഡിക്കല്‍ ബോര്‍ഡും രൂപീകരിച്ചു. ഡോ.ടി.കെ.ജയകുമാറാണു മെഡിക്കല്‍ ബോര്‍ഡിന്റെയും അധ്യക്ഷന്‍.