ഇനി ഉപദേശിക്കാനില്ല; പറഞ്ഞ് മടുത്തുവെന്ന് ഹൈക്കോടതി; ഹര്‍ജികളില്‍ നിന്ന് പിന്മാറുകയാണെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

കൊച്ചിയിലെ കാനകളുടെ അവസ്ഥയില്‍ പൊട്ടിത്തെറിച്ച് ഹൈക്കോടതി. കോര്‍പറേഷന് നിരവധി തവണ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടും മാറ്റങ്ങള്‍ ഒന്നും ഉണ്ടായില്ല. ഇനി ഉപദേശിക്കാനില്ലെന്നും മടുത്ത് ഹര്‍ജികളില്‍ നിന്ന് പിന്‍മാറുകയാണെന്നും ജഡ്ജി ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ആരും കോടതി ഉത്തരവുകള്‍ അംഗീകരിക്കുന്നില്ല. കൊച്ചിയെ വിധിക്ക് വിട്ടുകൊടുക്കാമെന്നും അദേഹം പറഞ്ഞു. ഹൈക്കോടതി ഹര്‍ജികളില്‍ നിന്ന് പിന്‍മാറുകയാണെന്നും ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.സ്ഥിരമായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് കോടതിക്കും മാനക്കേടാണ്. സര്‍ക്കാര്‍ വിഷയം അതീവ ഗൗരവമായി കാണണമെന്നും ഹൈക്കോടതി പറഞ്ഞു.

നഗരത്തിലെ കാനകള്‍ സ്ലാബിടുന്നുവെന്ന് കോര്‍പ്പറേഷന്‍ ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി കഴിഞ്ഞ ആഴ്ച്ച നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇതിലൊരു നടപടി സ്വീകരിക്കാന്‍ കോര്‍പറേഷന്‍ തയാറായില്ല. ഇതാണ് ഹൈക്കോടതി രൂക്ഷ പരാമര്‍ശങ്ങള്‍ ഉയര്‍ത്താന്‍ കാരണം. കാനകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി കലക്ടറുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിക്കണമെന്നും. കമ്മിറ്റി ഈ മാസം 30നകം റിപ്പോര്‍ട്ട് നല്‍കണമെന്നും. കോര്‍പ്പറേഷനും പൊതുമരാമത്ത് വകുപ്പും സഹകരിച്ച് പ്രവര്‍ത്തിക്കണം. കമ്പനികളുടെ സി.എസ്.ആര്‍ ഫണ്ട് കാനകളില്‍ ജോലി നടത്താന്‍ ഉപയോഗിക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇതില്‍ കോര്‍പറേഷന്‍ നടപടിയൊന്നും എടുത്തില്ല.

മൂന്ന് വയസ്സുകാരന്‍ കാനയില്‍ വീണതിനെ തുടര്‍ന്ന് ഹൈക്കോടതി നേരത്തെ കോര്‍പ്പറേഷനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. രണ്ടാഴ്ചക്കകം പണി പൂര്‍ത്തിയാക്കാന്‍ കോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്ന് കോര്‍പ്പറേഷന്‍ സ്ലാബിടല്‍ പ്രവൃത്തി ആരംഭിച്ചിരുന്നു. ഈ മാസം 17-നാണ് കൊച്ചി പനമ്പിള്ളി നഗറില്‍ തുറന്നിട്ടിരിക്കുന്ന കാനയില്‍ വീണ് മൂന്നു വയസുകാരന് പരിക്കേറ്റത്. ഡ്രൈനേജിന്റെ വിടവിലേക്ക് വീണ കുട്ടിയെ അമ്മ പിടിച്ചുകയറ്റുകയായിരുന്നു.