ക്രിസ്മസ് ദിവസം കുവൈത്തില്‍ കുടുങ്ങിയ യാത്രക്കാരെ നാട്ടിലെത്തിക്കാന്‍ ഇടപെടല്‍ നടത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഡിസംബര്‍ 25 ന് കുവൈത്തില്‍ നിന്നും കണ്ണൂരിലേക്ക് യാത്ര പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഐഎക്‌സ് 894 വിമാനം സാങ്കേതിക പ്രശ്‌നംമൂലം യാത്ര റദ്ദാക്കിയിരുന്നു. 180 ഓളം വരുന്ന യാത്രക്കാര്‍ വിമാനം മുടങ്ങിയതോടെ ദുരിതത്തിലായിരുന്നു.
പിതാവ് മരിച്ചതോടെ അടിയന്തിരമായി നാട്ടിലേക്ക് പുറപ്പെട്ട യാത്രക്കാരന്‍ ഉള്‍പ്പടെ നിരവധി പേരാണ് യാത്ര മുടങ്ങി അനിശ്ചിതമായി വിമാനത്താവളത്തില്‍ കുടുങ്ങിയത്. രാവിലെ യാത്ര പുറപ്പെടുന്നതിന് വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരോട് ബോര്‍ഡിങ് കഴിഞ്ഞതിന് ശേഷമാണ് അധികൃതര്‍ വിമാനം വൈകുമെന്ന് അറിയിച്ചത്. തുടര്‍ന്ന് വൈകീട്ട് ആറു മണിക്ക് പുറപ്പെടുമെന്ന അറിയിപ്പിനെ തുടര്‍ന്ന് യാത്രക്കാരില്‍ ചിലര്‍ വീട്ടിലേക്ക് പോവുകയും മറ്റ് യാത്രക്കാര്‍ക്ക് ഹോട്ടലില്‍ സൗകര്യം ഏര്‍പ്പെടുത്തുകയുമായിരുന്നു. വൈകുന്നേരം മൂന്ന് മണിയോടെ യാത്രക്കാരെ ഹോട്ടലില്‍ നിന്ന് വീണ്ടും വിമാനത്താവളത്തിലെത്തിച്ചു.
എന്നിട്ടും യാത്രാ സമയം സംബന്ധിച്ച് അനിശ്ചിതത്വം തുടര്‍ന്നു. തുടര്‍ന്ന് യാത്രക്കാരില്‍ ചിലര്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് കേന്ദ്ര വ്യോമായനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ കത്തയച്ചു. തുടര്‍ന്ന് ബിജെപി അദ്ധ്യക്ഷന്റെ പരാതിയില്‍ വളരെ വേഗം ഇടപെട്ട കേന്ദ്രമന്ത്രി പകരം വിമാനം ഒരുക്കുകയും ചെയ്തു. യാത്രക്കാരുടെ പ്രശ്‌നം പരിഹരിക്കാന്‍ ഇടപെട്ട വ്യോമായാനമന്ത്രിക്ക് കെ.സുരേന്ദ്രന്‍ നന്ദി അറിയിച്ചു.