വഖഫ് ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജു കേരളത്തില്‍. മുനമ്പം സമരഭൂമി സന്ദര്‍ശിക്കുന്നതിനായാണ് അദേഹം ഇന്നു ഉച്ചയ്ക്ക് കേരളത്തിലെത്തിയിരിക്കുന്നത്. വരാപ്പുഴ മേജര്‍ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലുമായി വൈകിട്ട് നാലു മണിക്ക് ബിഷപ്പ് ഹൗസില്‍ വച്ച് കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തും. വൈകിട്ട് അഞ്ചിന് സമര സമിതി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം കൂട്ടായ്മയെ അഭിസംബോധന ചെയ്യും.
അല്‍പസമയത്തിനുള്ളില്‍ അദേഹം കൊച്ചിയില്‍ വാര്‍ത്താസമ്മേളനം നടത്തും. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍, ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പിള്ളി, ഷോണ്‍ ജോര്‍ജ് മറ്റ് എന്‍ഡിഎ നേതാക്കള്‍ തുടങ്ങിയവരും കിരണ്‍ റിജിജുവിനൊപ്പം മുനമ്പത്ത് എത്തുന്നുണ്ട്. വഖഫ് ഭേദഗതി ബില്‍ പാസാക്കിയതിനു പിന്നാലെ ഈ മാസം ഒമ്പതിന് മുനമ്പത്ത് എത്താനായിരുന്നു കിരണ്‍ റിജിജു തീരുമാനിച്ചിരുന്നതെങ്കിലും ഇത് പിന്നീട് 15ലേക്ക് മാറ്റുകയായിരുന്നു.
നേരത്തെ വഖഫ് ഭേദഗതി ബില്‍ പാസാക്കിയ സമയത്ത് മുനമ്പത്ത് വലിയ ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കുമടക്കം ജയ് വിളികളും അന്ന് മുഴങ്ങിയിരുന്നു. പിന്നാലെ രാജീവ് ചന്ദ്രശേഖര്‍ മുനമ്പത്തെത്തി സമരം ചെയ്യുന്നവരുമായി കൂടിക്കാഴ്ച നടത്തി. 50ഓളം മുനമ്പം നിവാസികള്‍ അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു.
Read more
വഖഫ് നിയമഭേദഗതി കേരളത്തില്‍ രാഷ്ട്രീയ ആയുധമാക്കാനൊരുങ്ങുകയാണ് ബിജെപി.
പാര്‍ലമെന്റില്‍ ഇടത്, യുഡിഎഫ് എംപിമാര്‍ സ്വീകരിച്ച നിലപാടില്‍ ഊന്നിയാകും ബിജെപിയുടെ പ്രചരണം. ബില്ലിനെ അനുകൂലിക്കണമെന്ന കെസിബിസിയുടെ ആവശ്യത്തെ അംഗീകരിക്കാത്ത എംപിമാരുടെ നിലപാടും ഉയര്‍ത്തിക്കാട്ടും. ബില്ല് അവതരിപ്പിച്ചപ്പോള്‍ തന്നെ മുനമ്പം പ്രശ്‌നത്തിന് പരിഹാരമാകുമെന്ന് കിരണ്‍ റിജിജു വ്യക്തമാക്കിയിരുന്നു.