നേതാക്കൾ പരസ്യപ്രസ്താവനകൾ അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കൂട്ടായ ചർച്ചകളിലൂടെ കോൺഗ്രസിൽ ഐക്യം ഉറപ്പാക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തന്റെ പ്രശ്നങ്ങൾ ആരോടും പറയാറില്ല, സമാനമായ രീതിയിൽ സുധീരനും കാര്യങ്ങൾ ചർച്ചചെയ്യണമെന്നും ചെന്നിത്തല പറഞ്ഞു.
അയോധ്യ വിഷയം പാർട്ടിയാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. ഇതൊരു തുറന്ന യുദ്ധത്തിലേക്ക് പോകേണ്ട സാഹചര്യമില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. തനിക്ക് ക്ഷണം ലഭിച്ചിട്ടില്ല. കോൺഗ്രസിലെ രണ്ടുപേർക്കാണ് ക്ഷണം ലഭിച്ചിട്ടുള്ളത്.
പാർട്ടിയുടെ അഭിപ്രായമാണ് തന്റെ അഭിപ്രായം. ക്ഷണം ലഭിച്ചാലല്ലേ അതിനെ കുറിച്ച് പറയേണ്ടതുള്ളൂവെന്ന് ചെന്നിത്തല പറഞ്ഞു. ബാക്കിയെന്താണെന്ന് പാർട്ടി പറയേണ്ട സമയത്ത് പറയുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
ഓരോരുത്തരുടേയും ആത്മീയ കാര്യമാണ്. ചിലർ വിശ്വാസിയാവാം, ആവാതിരിക്കാം. അതെല്ലാം വ്യക്തിപരമാണ്. ആത്മീയ കാര്യങ്ങളിൽ രാഷ്ട്രീയ വത്കരണം ശരിയല്ല. എന്നാൽ ഇങ്ങനെയുള്ള കാര്യം രാഷ്ട്രീയ വത്ക്കരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അത് ദൗർഭാഗ്യകരമാണെന്നും ചെന്നിത്തല പറഞ്ഞു.