പൂജപ്പുര ജയിലില്‍ നടന്ന മിന്നല്‍ പരിശോധനയില്‍ യൂണിവേഴ്സിറ്റി കോളജ് കുത്തുകേസിലേയും പിഎസ്സി പരീക്ഷാത്തട്ടിപ്പിലേയും പ്രതിയില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്തു. യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസ് പ്രതിയായ നസീമില്‍ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. മിന്നല്‍ പരിശോധനയില്‍ കഞ്ചാവ് ഉള്‍പ്പെടെ കണ്ടെത്തിയതോടെ നസീം ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരെ പൂജപ്പുര പൊലീസ് കേസെടുത്തു.
ആശുപത്രി ബ്ലോക്ക് ഉള്‍പ്പെടെ 16 ബ്ലോക്കുകളിലാണ് പരിശോധന നടന്നത്. ജയില്‍ ഡിജിപി ഋഷിരാജ് സിംഗിന്റെ നിര്‍ദേശപ്രകാരമാണ് മിന്നല്‍ പരിശോധന നടത്തിയത്. കഞ്ചാവു കൂടാതെ 15 കവര്‍ ബീഡി, പാന്‍പരാഗ്, സിഗരറ്റ് ലൈറ്ററുകള്‍, 160 രൂപ എന്നിവയും കണ്ടെടുത്തിട്ടുണ്ട്. കോടതികളില്‍ പോയി മടങ്ങുമ്പോഴാണ് കഞ്ചാവും മറ്റ് ലഹരിവസ്തുക്കളും പ്രതികള്‍ കൊണ്ടു വരുന്നതെന്നാണ് അധികൃതരുടെ നിഗമനം.
യൂണിവേഴ്സിറ്റി കോളജിലെ മൂന്നാം വര്‍ഷ പൊളിറ്റിക്സ് വിദ്യാര്‍ത്ഥിയായ അഖിലിനെ കുത്തിയ കേസിലാണ് യൂണിറ്റ് സെക്രട്ടറി നസീം പിടിയിലായത്. കേസിലെ ഒന്നും രണ്ടും പ്രതികള്‍ പിഎസ്സി നടത്തിയ സിവില്‍ പൊലീസ് ഓഫീസറുടെ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയതോടെയാണ് പരീക്ഷ ക്രമക്കേട് തെളിയുന്നത്. പരീക്ഷ തട്ടിപ്പ് നടത്തിയതായി നസീം കുറ്റസമ്മതം നടത്തിയിരുന്നു.