പന്തീരങ്കാവിൽ യുഎപിഎ കേസിൽ അറസ്റ്റിലായ അലൻ ഷുഹൈബിനെ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന അപേക്ഷയിൽ 48 മണിക്കൂറിനകം തീരുമാനമെടുക്കാൻ കണ്ണൂർ സർവകലാശാലയ്ക്ക് ഹൈക്കോടതി നിർദേശം. സർവകലാശാല അനുവദിച്ചാൽ അലൻ ഷുഹൈബിന് പരീക്ഷ എഴുതാമെന്ന് കോടതി വ്യക്തമാക്കി. ആവശ്യമായ ക്രമീകരണങ്ങളൊരുക്കാൻ ജയിൽ വകുപ്പിനും എൻഐഎയ്ക്കും കോടതി നിർദേശം നൽകി.
പന്തീരാങ്കാവ് യുഎപിഎ കേസിൽ റിമാന്‍ഡ് പ്രതിയായ അലൻ ഷുഹൈബിന് എൽഎൽബി പരീക്ഷ എഴുതാനുള്ള അവകാശം ഉണ്ടെന്ന് കോടതി നിരീക്ഷിച്ചു. എന്നാൽ, അതിന് വേണ്ട നടപടിക്രമങ്ങൾ പൂർത്തിയായതാണോ എന്ന് വ്യക്തമാക്കേണ്ടത് കണ്ണൂർ സർവകലാശാലയാണ്. 48 മണിക്കൂറിനകം കാര്യങ്ങൾ പരിശോധിച്ച് തീരുമാനമെടുക്കാൻ കണ്ണൂർ സർവകലാശാലയ്ക്ക് ഹൈക്കോടതി നിർദേശം നൽകിയിരിക്കുകയാണ്. അലന് പരീക്ഷ എഴുതാൻ സർവകലാശാല അനുവദിച്ചാൽ സൗകര്യവും ക്രമീകരണവും ഒരുക്കാൻ എൻഐഎയ്ക്കും കോടതി നിർദേശം നൽകിയിട്ടുണ്ട്.
കണ്ണൂർ യൂണിവേഴ്‌സിറ്റി പാലയാട് ക്യാമ്പസിലെ വിദ്യാർത്ഥിയാണ് അലൻ. ഈ മാസം നടക്കുന്ന രണ്ടാം സെമസ്റ്റർ എൽഎൽബി പരീക്ഷ എഴുതാൻ അനുമതി തേടിയാണ് അലൻ കോടതിയെ സമീപിച്ചത്. നാളെയാണ് എൽഎൽബി രണ്ടാം സെമസ്റ്റർ പരീക്ഷ ആരംഭിക്കുന്നത്.