സ്വകാര്യ ബസ് ഉടമകളുടേത് അനാവശ്യ സമരമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകള്‍ നടക്കുന്ന സമയത്ത് ബസ് സമരം നടത്താന്‍ പാടില്ലായിരുന്നു. സമരം ചെയ്താലും ഇല്ലെങ്കിലും നിരക്ക് വര്‍ദ്ധന ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.
ഇപ്പോള്‍ നടക്കുന്ന സ്വകാര്യ ബസ് സമരം സമ്മര്‍ദ തന്ത്രത്തിന്റെ ഭാഗമാണെന്നും ആന്റണി രാജു പറഞ്ഞു. നിരക്ക് വര്‍ദ്ധിപ്പിക്കും. എന്നാല്‍ അത് സമരത്തെ തുടര്‍ന്നാണെന്ന് വരുത്താനാണ് ശ്രമം.
പണിമുടക്ക് നടത്തുന്നത് കൊണ്ട് നിരക്ക് വര്‍ധന വേഗത്തിലാകില്ലെന്ന് മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ബസ് ചാര്‍ജ് വര്‍ധിപ്പിക്കാമെന്ന് ഉറപ്പു നല്‍കിയിട്ടും സമരം നടത്തുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി ആവശ്യം നേടിയെടുക്കാമെന്നത് ശരിയല്ലെന്ന് മന്ത്രി പറഞ്ഞിരുന്നു.
ബസ് ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ നടത്തുന്ന അനിഞ്ചിതകാല പണിമുടക്ക് ഇന്ന് മുതല്‍ തുടങ്ങി. മിനിമം ചാര്‍ജ് 12 രൂപയാക്കുക, വിദ്യാര്‍ത്ഥികളുടെ യാത്ര നിരക്ക് ഒന്നില്‍ നിന്ന് ആറു രൂപയാക്കുക, കിലോമീറ്റര്‍ നിരക്ക് 90 പൈസയില്‍ നിന്ന് 1.10 രൂപയാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബസുടമ സംയുക്ത സമിതി നേതൃത്വത്തിലാണ് പണിമുടക്ക് നടക്കുന്നത്. അതേസമയം തിരുവനന്തപുരം നഗരത്തില്‍ പണിമുടക്ക് ഇല്ല.
നവംബര്‍ ഒമ്പതിന് പ്രഖ്യാപിച്ച പണിമുടക്ക് മാറ്റിവെക്കുന്നതിലേക്ക് നയിച്ച ചര്‍ച്ചയില്‍ 10 ദിവസത്തിനുള്ളില്‍ പ്രശ്‌നം പരിഹരിക്കുമെന്നാണ് മന്ത്രി ഉറപ്പുനല്‍കിയതെങ്കിലും ഇതുവരെ നടപ്പായില്ലെന്നും ഇനി കാത്തിരുന്നും നഷ്ടത്തിലോടിയും കൂടുതല്‍ പ്രതിസന്ധിയിലാകാനില്ലെന്നുമാണ് ബസുടമകളുടെ നിലപാട്. സമരത്തെ കുറിച്ച് 15 ദിവസം മുമ്പ് നോട്ടീസ് നല്‍കിയിട്ടും സര്‍ക്കാര്‍ തീരുമാനമെടുക്കുകയോ ചര്‍ച്ചക്ക് വിളിക്കുകയോ ചെയ്തിട്ടില്ലെന്ന് ബസുടമകള്‍ കുറ്റപ്പെടുത്തി.