സൂരജ് സന്തോഷിനെതിരായ സൈബർ ആക്രമണം; എറണാകുളം സ്വദേശി ഉണ്ണികൃഷ്ണൻ അറസ്റ്റിൽ

ഗായകൻ സൂരജ് സന്തോഷിനെതിരായ സൈബർ ആക്രമണത്തിൽ ഒരാൾ അറസ്റ്റിൽ. എറണാകുളം സ്വദേശി ഉണ്ണികൃഷ്ണൻ ആണ് പൂജപ്പുര പോലീസിന്റെ പിടിയിലായത്.

അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ എല്ലാവരും വീട്ടുകളിൽ വിളക്ക് തെളിയിക്കണമെന്നും, രാമ മന്ത്രം ജപിക്കണമെന്നുമുള്ള കെ. എസ് ചിത്രയുടെ പ്രതികരണത്തിന് ശേഷം നിരവധി ആളുകളാണ് ചിത്രക്കെതിരെ വിമർശനവുമായി രംഗത്തെത്തിയത്.

ഗായകൻ സൂരജ് സന്തോഷും വിമർശനവുമായി രംഗത്തുവന്നിരുന്നു. തുടർന്ന് താൻ സൈബർ ആക്രമണം നേരിടുന്നുണ്ടെന്ന് സൂരജ് പരാതി നൽകിയിരുന്നു.

എന്നാൽ പറഞ്ഞ കാര്യത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും, ഭരണഘടന തനിക്ക് നൽകുന്ന അവകാശമുണ്ട് അതിന്റെ അടിസ്ഥാനത്തിലാണ് പ്രതികരണം നടത്തിയിട്ടുള്ളതെന്നും സൂരജ് സന്തോഷ് നേരത്തെ വ്യക്തമാക്കിയിരുന്നു.

“എനിക്ക് വരുന്ന ഭീഷണി മെസ്സേജ്, ഞാൻ PFI ചാരൻ ആണെന്നുള്ള പോസ്റ്റർ ചമക്കൽ, ജനം ടീവിയിൽ നിന്ന് അഡ്വാൻസ് വാങ്ങി പരിപാടി ക്യാൻസൽ ചെയ്‌തെന്ന് പ്രചരിപ്പിക്കൽ, ഞാൻ അങ്ങനെ ഒരു തുക വാങ്ങിയിട്ടും ഇല്ല, പങ്കെടുത്തിട്ടും ഇല്ല, ഇനി പങ്കെടുക്കുകയും ഇല്ല, അങ്ങനെ ഒരുപാട് വ്യാജ വാർത്തകൾ എനിക്കെതിരെ പ്രചരിക്കുന്നുണ്ട്.

Read more

എന്റെ വീട്ടുകാരെ അടക്കം നെറി കെട്ട ഭാഷയിൽ തെറി വിളിക്കുന്നുണ്ട് എനിക്കതൊന്നും പറയാൻ പോലും ബുദ്ധിമുട്ടുണ്ട്. ഞാൻ വിമർശിച്ചത് കെ സ് ചിത്രയുടെ സംഗീതത്തെ അല്ല, അവരുടെ നിലപാടിനെയാണ്. രണ്ടും തമ്മിൽ വളരെ വ്യത്യാസമുണ്ട്. എനിക്ക് കൂടുതൽ ഒന്നും പറയാനില്ല ഞാൻ എന്റെ നിലപാടിൽ ഉറച്ചു നിൽക്കുന്നു.” എന്നാണ് സൂരജ് സന്തോഷ് മാധ്യമങ്ങളോട് പറഞ്ഞത്.