പീഡനക്കേസില്‍ കുറ്റാരോപിതനായ നടന്‍ ഉണ്ണിമുകുന്ദനെതിരായി പരാതിക്കാരി മോഴി നല്‍കി. എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് മൊഴി രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ഉണ്ണിമുകുന്ദന്‍ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിച്ച് അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നുവെന്ന് പരാതിക്കാരിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.
തനിക്കെതിരായ പീഡനക്കേസ് കെട്ടിച്ചമച്ചതാണെന്ന് ഉണ്ണി മുകുന്ദന്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. കള്ളക്കേസില്‍ കുടുക്കി സല്‍പേരു നശിപ്പിക്കാനും പണം തട്ടാനുമാണു പരാതിക്കാരിയുടെ ശ്രമമെന്നു നടന്‍ ഉണ്ണി മുകുന്ദന്‍ കോടതിയെ അറിയിച്ചു. പരാതിക്കാരിക്കു പൊലീസ് സംരക്ഷണം നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്നും ഉണ്ണി മുകുന്ദന്‍ ബോധിപ്പിച്ചിരുന്നത്. അതേസമയം, യുവതിയുടെ വിവരങ്ങള്‍ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയില്‍ ഉണ്ണി മുകുന്ദനും മറ്റു രണ്ടു പേര്‍ക്കുമെതിരെ തൃക്കൊടിത്താനം പൊലീസ് കേസെടുത്തു. യുവതിയുടെ പിതാവു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
കോട്ടയം സ്വദേശിനിയായ യുവതിയാണ് ഉണ്ണിമുകുന്ദനെതിരെ പരാതി നല്‍കിയത്. ഉണ്ണിമുകുന്ദന്‍ ക്ഷണിച്ചതനുസരിച്ച് സിനിമാകഥ പറയാന്‍ ചെന്ന തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതിയുടെ ആരോപണം.അതേസമയം യുവതിക്കെതിരെ ഉണ്ണിമുകുന്ദനും പരാതി നല്‍കിയിരുന്നു. യുവതി പറയുന്നത് അസത്യമാണെന്നും തന്നെ കേസില്‍ കുടുക്കാതിരിക്കാന്‍ 25 ലക്ഷം രൂപ തരണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും നടന്‍ പരാതിയില്‍ പറയുന്നു.