പുതുപ്പള്ളിയിലെ സ്ഥാനാര്‍ഥിയെ ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിക്കും. ജെയ്ക് സി. തോമസിന്റെ പേരാണ് നിലവില്‍ ആദ്യ പരിഗണനയില്‍ ഉള്ളത്. കോട്ടയം ജില്ലാ സെക്രട്ടേറിയറ്റ് അംഗം റെജി സഖറിയ, പുതുപ്പള്ളി ഏരിയ സെക്രട്ടറി സുഭാഷ് പി.വര്‍ഗീസ് എന്നിവരും പരിഗണിക്കുന്നവരുടെ പട്ടികയിലുണ്ട്.
നാളെ ജില്ലാ കമ്മറ്റി ചേര്‍ന്ന ശേഷം കോട്ടയത്താകും സ്ഥാനാര്‍ഥി പ്രഖ്യാപനം. ബുധനാഴ്ച വൈകീട്ട് നടന്ന എട്ട് സിപിഎം ലോക്കല്‍ തിരഞ്ഞെടുപ്പ് കമ്മിറ്റികളും ജെയ്ക്കിന്റെ പേരാണ് നിര്‍ദേശിച്ചത്. ജില്ലാ സെക്രട്ടേറിയറ്റംഗം റജി സഖറിയയുടെ പേരാണ് രണ്ടാമതായി വന്നത്.
ലോക്കല്‍ കമ്മിറ്റികളും സിപിഎം ജില്ലാ കമ്മിറ്റിയും സെക്രട്ടറിയറ്റും നിര്‍ദേശിച്ച പേരുകളും ചേര്‍ത്ത് സംസ്ഥാന സെക്രട്ടേറിയറ്റിന് റിപ്പോര്‍ട്ട് നല്‍കി. മറ്റ് പാര്‍ട്ടികളില്‍ നിന്ന് നേതാക്കളെ രാജി വെപ്പിച്ചു കൊണ്ടുവന്ന് സ്വതന്ത്ര പരീക്ഷണം നടത്തുന്നതിനോട് ലോക്കല്‍ യോഗങ്ങളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.
ഉപതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സംഘടനാപരമായ പ്രവര്‍ത്തനം സിപിഐഎം പുതുപ്പള്ളിയില്‍ തുടങ്ങി കഴിഞ്ഞുവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ വ്യക്തമാക്കിയിരുന്നു. സിപിഎം സ്ഥാനാര്‍ത്ഥി പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ മല്‍സരിക്കുമെന്നും ഇ.പി പറഞ്ഞിരുന്നു.