അഞ്ചല്‍ ഉത്ര വധക്കേസില്‍ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ച പ്രതി സൂരജ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. കേസില്‍ മാപ്പുസാക്ഷിയുടെ മൊഴി വസ്തുതാപരമല്ലെന്ന് സൂരജ് പറഞ്ഞു. വിദഗ്ധ സമിതിയുടെ പേരില്‍ ഹാജരാക്കിയ തെളിവുകള്‍ ആധികാരികമല്ല. തന്റെ ഫോണില്‍ നിന്ന് പാമ്പുകളുടെ ദൃശ്യങ്ങള്‍ വീണ്ടെടുത്തിട്ടില്ലെന്ന് സൂരജ് അപ്പീലില്‍ വാദിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഫയലില്‍ സ്വീകരിച്ചു. എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. ഉത്ര വധക്കേസില്‍ വിചാരണ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയാണ് സൂരജിനെ ഇരട്ട ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
ആസൂത്രിത കൊലപാതകം, നരഹത്യാശ്രമം, വിഷം നല്‍കി പരിക്കേല്‍പ്പിക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ സൂരജ് ചെയ്തതായി കോടതി വ്യക്തമാക്കി. കൊലപാതകത്തിനും, അണലിയെ ഉപയോഗിച്ച് നേരത്തെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനുമാണ് ജീവപര്യന്തം വിധിച്ചത്. ഇതിന് പുറമേ വിഷവസ്തു ഉപയോഗിച്ചതിന് പത്ത് വര്‍ഷവും തടവ്, തെളിവ് നശിപ്പിച്ചതിന് ഏഴ് വര്‍ഷവും തടവ് വിധിച്ചു.
17 വര്‍ഷത്തെ തടവ് ശിക്ഷ ആദ്യം അനുഭവിച്ചതിന് ശേഷം ജീവപര്യന്തം ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും. പ്രതിയുടെ പ്രായം പരിഗണിച്ചും മുമ്പ് ക്രിമിനല്‍ പശ്ചാത്തലം ഇല്ലാത്തതിനാലുമാണ് വധശിക്ഷയില്‍ നിന്ന് ഒഴിവാക്കിയത്.