ഗവർണർ സഭയെ അവഹേളിച്ചു; സര്‍ക്കാരിന്റേത് പൊള്ളയായ നയപ്രഖ്യാപന പ്രസംഗമാണെന്നും വി ഡി സതീശൻ

നയപ്രഖ്യാപന പ്രസംഗം ഒരു ഖണ്ഡികയില്‍ ഒതുക്കിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അസാധാരണ നടപടിയെ വിമർശിച്ച് പ്രതിപക്ഷ നേതാക്കൾ രംഗത്ത്.ഗവര്‍ണറുടെ നിയമസഭയോടുള്ള അവഹേളനമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി.ര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള നാടകത്തിന്റെ അന്ത്യമാണ് നിയമസഭയില്‍ കണ്ടത്. സര്‍ക്കാര്‍ പ്രതിരോധത്തിലാകുമ്പോള്‍ ഗവര്‍ണര്‍ രക്ഷയ്‌ക്കെത്തുമെന്ന് പ്രതിപക്ഷനേതാവ് പരിഹസിച്ചു.

സര്‍ക്കാരിന്റേത് പൊള്ളയായ നയപ്രഖ്യാപന പ്രസംഗമാണെന്ന് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. ഇത്രയും മോശമായ നയപ്രഖ്യാപന പ്രസംഗം കേരള ചരിത്രത്തിലുണ്ടായിട്ടില്ല. ജനങ്ങളുടെ പ്രതിസന്ധികളെക്കുറിച്ച് നയപ്രഖ്യാപന പ്രസംഗത്തില്‍ ഒന്നും പറയുന്നില്ല. പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കാര്യമായ വിമര്‍ശനമൊന്നുമുണ്ടായിരുന്നില്ല. കേന്ദ്ര ഏജന്‍സികളെ ഭയന്ന് ഡല്‍ഹിയിലെ സമരം മുഖ്യമന്ത്രി സമ്മേളനമാക്കി മാറ്റിയെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

Read more

നയപ്രഖ്യാപനം ഒരുമിനിറ്റില്‍ ഒതുക്കിയ ഗവര്‍ണര്‍ക്ക് നേരെ മാത്രമല്ല സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിനെതിരെയും പ്രതിപക്ഷ നേതാക്കള്‍ വിമര്‍ശനമുയര്‍ത്തി. ഗവര്‍ണര്‍ നിയമസഭയെ കൊഞ്ഞനംകുത്തിയെന്നാണ് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. അതേ സമയം ഗവർണറുടെ അസാധാരണ നീക്കങ്ങളെത്തുടര്‍ന്ന് സഭ നാടകീയമായി ഇന്നത്തേക്ക് പിരിഞ്ഞിരിക്കുകയാണ്. നയപ്രഖ്യാപനവേളയില്‍ നയപ്രഖ്യാപന പ്രസംഗത്തിന്റെ അവസാന പാരഗ്രാഫ് മാത്രം വായിച്ച് ഭരണഘടനാപരമായ ദൗത്യം നിറവേറ്റുന്നതായി ഗവര്‍ണര്‍ സൂചിപ്പിക്കുകയായിരുന്നു.