സ്വര്‍ണക്കടത്ത് വിഷയവുമായി ബന്ധപ്പെട്ട് ഇപ്പോഴത്തെ രണ്ടാം എപ്പിസോഡിന് പിന്നില്‍ കോണ്‍ഗ്രസ് – ബിജെപി, പിസി ജോര്‍ജ്ജ് എന്നിവരടങ്ങിയ സംഘമാണെന്ന് എംഎല്‍എ വി ജോയ്. ഷാഫി പറമ്പില്‍ എംഎല്‍എയുടെ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഷാജ് കിരണ്‍ ചെന്നിത്തലക്കും ഉമ്മന്‍ ചാണ്ടിക്കും ഒപ്പം ഇരിക്കുന്ന പടം ഉയര്‍ത്തി കാണിച്ചുകൊണ്ടായിരുന്നു ജോയ് പ്രതികരിച്ചത്.
സ്വപ്ന സുരേഷ്, ഷാജ് കിരണ്‍, എച്ച്.ആര്‍.ഡി.എസ്, അതിന്റെ ഡയറക്ടര്‍ ബിജു കൃഷ്ണന്‍, അഡ്വ. കൃഷ്ണരാജ്, പി.സി. ജോര്‍ജ് ഇതിനെല്ലാം ഇടയില്‍ പ്രവര്‍ത്തിക്കുന്ന ക്രൈം നന്ദകുമാര്‍ എന്നിവരാണ് സ്വര്‍ണക്കടത്ത് കേസിന്റെ രണ്ടാം എപ്പിസോഡിലെ അഭിനേതാക്കള്‍. ബി.ജെ.പി-കോണ്‍ഗ്രസ് നേതാക്കളും സരിതയുമാണ് ഈ കൂട്ടുകെട്ടിനെല്ലാം പിന്നിലെന്നും ഷാജ് കിരണ്‍ തങ്ങളുടെ ആരുടെയും സുഹൃത്തോ ദല്ലാളോ അല്ലെന്നും അദ്ദേഹം പറഞ്ഞു.
ഷാജ് കിരണിന് ബിജെപി നേതാക്കളോടും പ്രതിപക്ഷ നേതാക്കളോടുമാണ് അടുപ്പമുള്ളത്. ഈ കേസിലെ അഭിഭാഷകന്‍ അഡ്വ. കൃഷ്ണരാജ് പ്രതിപക്ഷ നേതാവിന്റെ അടുപ്പക്കാരനാണ്. ഇക്കാര്യം കൃഷ്ണരാജിന്റെ ഫെയ്‌സ്ബുക്കില്‍ പറഞ്ഞിട്ടുണ്ട്. 29 വര്‍ഷക്കാലത്തെ ആത്മമിത്രം എന്നാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചതെന്നും ജോയ് ചൂണ്ടിക്കാണിച്ചു.
അതേസമയം സ്വര്‍ണക്കടത്ത് വിഷയം നിയമസഭയില്‍ ഉന്നയിക്കാന്‍ കാരണം പിന്നില്‍ പ്രതിപക്ഷത്തിന്റെ അസഹിഷ്ണുതയാണെന്നും എംഎല്‍എ പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒരിക്കല്‍ക്കൂടി അധികാരത്തില്‍ വരില്ലെന്നായിരുന്നു പ്രതിപക്ഷം കരുതിയിരുന്നത്. എന്നാല്‍ തങ്ങള്‍ വീണ്ടും അധികാരത്തിലെത്തി. അതിന്റെ അസഹിഷ്ണുതയാണ് പ്രതിപക്ഷത്തിനെന്നും ജോയ് കൂട്ടിച്ചേര്‍ത്തു.